നമ്മുടെ ശരീരത്തിന് എപ്പോഴും പോഷകഗുണങ്ങള്‍ ആവശ്യമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇത് ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. ദഹനത്തിനാവശ്യമായ നാരുകളും വിറ്റാമിന്‍ ഡിയുമൊക്കെ അടങ്ങിയ ഭക്ഷണം വേണം നമ്മള്‍ തിരഞ്ഞെടുക്കാന്‍. എന്നാല്‍ പോഷക ഗുണങ്ങള്‍ നിറഞ്ഞ പല ഭക്ഷണങ്ങളും കഴിയ്ക്കുന്നതിന് ഒരു രീതിയുണ്ട്. ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഇവ ശരീരത്തിന് ഉണ്ടാക്കുക. ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം……
* ഗ്രീന്‍ ടീ – നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. എന്നാല്‍ അമിതമായ തോതിലും വെറുംവയറ്റിലും കഴിക്കുന്നത് അത്ര നല്ലതല്ല. വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് അസിഡിറ്റി പ്രശ്നം ഉണ്ടാക്കാം. പ്രതിദിന ഉപയോഗം രണ്ട് മുതല്‍ മൂന്ന് കപ്പായി പരിമിതപ്പെടുത്തേണ്ടതാണ്.
* നെല്ലിക്ക – വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള സൂപ്പര്‍ ഭക്ഷണമാണ് നെല്ലിക്ക. എന്നാല്‍ അത് അച്ചാറിന്റെയും മധുരത്തിന്റെയും രൂപത്തില്‍ കഴിക്കരുത്. പകരം നെല്ലിക്ക ജ്യൂസായോ ഉണക്കി പൊടിച്ചോ ഉപയോഗിക്കണം. പച്ചയ്ക്കും കടിച്ചു തിന്നാം.
* ക്വിനോവ – വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കാതെ ക്വിനോവ കഴിക്കാന്‍ പാടില്ല. ഇതില്‍ അടങ്ങിയിരിക്കുന്ന സാപ്പോണിനുകള്‍ എന്ന കയ്പ്പേറിയ ചേരുവ ദഹനത്തിന് പ്രശ്നമുണ്ടാക്കിയേക്കാം. ഇതൊഴിവാക്കാന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ശേഷം മാത്രം പാകം ചെയ്യുക.
* മുരിങ്ങ – പൗഡറായും ക്യാപ്സൂളായുമെല്ലാം മുരിങ്ങ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഫ്രഷായി ഇതിന്റെ ഇലകളും മുരിങ്ങക്കോലുമെല്ലാം കഴിക്കുന്നതാകും നല്ലത്. പരിപ്പിലും കറികളിലും സൂപ്പുകളിലുമൊക്കെ മുരിങ്ങയില ചേര്‍ക്കാം.
* മഞ്ഞള്‍ – നമ്മുടെ കറികളിലൊക്കെ മുഖ്യ ചേരുവയായി നാം ചേര്‍ക്കുന്ന ഒന്നാണ് മഞ്ഞള്‍. എന്നാല്‍ ചിലര്‍ അത് പ്രോട്ടീന്‍ പൗഡര്‍ പോലെ സപ്ലിമെന്റായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ അളവ് വല്ലാതെ കൂടിയാല്‍ കരളിന് പ്രശ്നമുണ്ടാകാം. കറികളിലോ പാലിലോ ചേര്‍ത്തോ താളിച്ചോ ഒക്കെ മിതമായ രീതിയില്‍ മഞ്ഞള്‍ കഴിക്കുന്നതാണ് ഉത്തമം. കുരുമുളകിനൊപ്പം കഴിക്കുന്നത് ഇതിലെ കുര്‍ക്കുമിന്‍ ആഗീരണം മെച്ചപ്പെടുത്തും.
* ചിയ വിത്തുകള്‍ – വെള്ളത്തിലോ യോഗര്‍ട്ടിലോ പാലിലോ 20 മിനിട്ടെങ്കിലും കുതിര്‍ത്ത് വച്ച ശേഷം മാത്രമേ ചിയ വിത്തുകള്‍ കഴിക്കാവുള്ളൂ. അല്ലാതെ കഴിക്കുന്നത് വയര്‍ കമ്പനമോ ശ്വാസം മുട്ടലോ ഉണ്ടാക്കാം.
* മഖാന – താമര വിത്തില്‍ നിന്നുണ്ടാക്കുന്ന മഖാന ചിപ്സിനൊക്കെ പകരം സ്നാക്കായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതും ഒരു 30-40 ഗ്രാമില്‍ കൂടുതല്‍ ഒറ്റയടിക്ക് കഴിക്കാന്‍ പാടില്ല. അമിതമായി മഖാന കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. പ്രതിദിന കാലറി അളവിനെയും ഇത് ബാധിക്കാം.




