Lifestyle

ആർത്തവ അവധി ആവശ്യപ്പെട്ടു; പാന്‍റ്സ് താഴ്ത്തി തെളിവ് കാണിക്കണമെന്ന് സര്‍വ്വകലാശാല; വന്‍വിമര്‍ശനം

ആർത്തവ അവധി തേടിയ യുവതിയോട് പാന്റ്സ് താഴ്ത്തി ആർത്തവം ശരിക്കും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ട് ചൈനീസ് സർവകലാശാല. ഗെങ്ഡാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബീജിംഗ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയാണ് വൻ വിമർശനത്തിന് വഴിതെളിച്ച ഈ മനുഷ്യാവകാശലംഘനം നടത്തിയത്.

മെയ് 15 ന് ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, തനിക്ക് ആർത്തവമുണ്ടെന്ന് സ്ഥിരീകരിക്കാൻ ക്യാമ്പസ് ക്ലിനിക്ക് തന്നോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടതായി വിദ്യാർത്ഥിനി പറഞ്ഞതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ആർത്തവ വേദന അനുഭവിക്കുന്ന എല്ലാ വിദ്യാർഥിനികളിലും ഈ പരിശോധനകൾ നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സ്റ്റാഫ് ഇത് സര്‍വകലാശാലയുടെ നയമാണെന്ന് അവകാശപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ നയത്തെക്കുറിച്ച് രേഖാമൂലമുള്ള തെളിവൊന്നും അവർ നൽകിയില്ലെന്നും യുവതി പറയുന്നു.

ആര്‍ത്തവമുണ്ടെന്ന് ഉറപ്പിക്കാനായി വിദ്യാർഥിനിയെ ആശുപത്രിയിലേക്ക് അയച്ചതായയും അതില്ലാതെ അവധി നല്‍കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പിന്നീട്, ആശുപത്രിയില്‍ പോയി ആവശ്യമായ രേഖകൾ സമര്‍പ്പിച്ചതായും വിദ്യാര്‍ഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. ‘സ്ത്രീകൾക്ക് ആർത്തവ സമയത്ത് അവധി ലഭിക്കാനുള്ള ന്യായമായ അവകാശം മാത്രമാണ് എനിക്ക് വേണ്ടത്’ യുവതി പറഞ്ഞു.

അതേസമയം, മെഡിക്കൽ നടപടിക്രമങ്ങൾ നിയമങ്ങൾ പാലിച്ചു എന്നതല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് മെയ് 16 ന് പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥാപനം പറയുന്നത്. വിദ്യാര്‍ഥിനി വസ്തുതകൾ തെറ്റായി ചിത്രീകരിക്കുകയും വളച്ചൊടിക്കുകയും ചെയ്തെന്ന് സ്ഥാപനം ആരോപിക്കുന്നു. മെഡിക്കല്‍ ലീവ് ദുരുപയോഗം ചെയ്യുന്നത് തടയുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും സ്ഥാപനം വ്യക്തമാക്കി. വിദ്യാർത്ഥിനിയോട് ആരോഗ്യത്തെക്കുറിച്ച് ചോദിക്കുകയും തുടർന്ന് സമ്മതം വാങ്ങിയശേഷം കൂടുതൽ സ്ഥിരീകരണത്തിലേക്ക് കടക്കുകയുമായിരുന്നു. ശാരീരിക പരിശോധനകള്‍‌ നടത്തിയിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.