അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ലോകകപ്പ് പോരാട്ടത്തില്‍ ആരാധകർ ഇന്ത്യൻ വിജയം പ്രതീക്ഷിച്ചെങ്കിലും, കണ്ടത് ദക്ഷിണാഫ്രിക്കയുടെ അതിശക്തമായ “ഗ്രീൻ വാൾ” ആണ്.
സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയെ 76 റൺസിന് തകർത്ത ദക്ഷിണാഫ്രിക്കയുടെ വിജയം വെറുമൊരു ജയമായിരുന്നില്ല, മറിച്ച് സാഹചര്യങ്ങളെ കൃത്യമായി വായിച്ചെടുത്ത ഒരു തന്ത്രപരമായ മാസ്റ്റർക്ലാസ് ആയിരുന്നു. ഡേവിഡ് മില്ലറുടെ 63 റൺസ് അടിത്തറയിട്ടെങ്കിലും, ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞ ബൗളിംഗ് പ്രകടനമായിരുന്നു മത്സരത്തിലെ യഥാർത്ഥ ഹൈലൈറ്റ്.
സ്ലോ ബോൾ എന്ന മാരകായുധം
ദക്ഷിണാഫ്രിക്കയുടെ തന്ത്രപരമായ മികവിന്റെ ആൾരൂപം ലുങ്കി എൻഗിഡി ആയിരുന്നു. 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയ അദ്ദേഹത്തിന്റെ പ്രകടനം, ഓരോ പന്തിലൂടെയും ഇന്ത്യൻ നിരയെ തളർത്തുന്ന ഒരു “സ്ളോ പോയിസണ്‍” പോലെയായിരുന്നു. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കിയ എൻഗിഡി തന്റെ വേഗത കുറയ്ക്കുകയും ഓഫ് കട്ടറുകളും സ്ലോവർ ബൗൺസറുകളും ആയുധമാക്കുകയും ചെയ്തു.
ഇതോടെ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് പന്ത് ബാറ്റിൽ കൊള്ളിക്കാൻ പോലും പ്രയാസമായി. സ്കോർബോർഡ് ചലിക്കാത്തത് കണ്ട് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ സ്വന്തം കരുത്തിൽ സിക്സറുകൾക്ക് ശ്രമിച്ചെങ്കിലും ആ തന്ത്രം പാളി. എൻഗിഡി ഇന്ത്യയെ വരിഞ്ഞുമുറുക്കിയപ്പോൾ, 6 അടി 8 ഇഞ്ച് ഉയരമുള്ള മാർക്കോ യാൻസൻ തന്റെ ഉയരം മുതലെടുത്ത് 4 വിക്കറ്റുകൾ വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ ഫീൽഡിംഗും അത്രത്തോളം കൃത്യമായിരുന്നു.
ഇതിഹാസ താരം രവിചന്ദ്രൻ അശ്വിൻ പോലും സൂര്യകുമാർ യാദവിന്റെ കീഴിലുള്ള ഇന്ത്യൻ ടീമിന് ഒരുക്കങ്ങൾ കുറവായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. “ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഒരു പാഠം പഠിപ്പിച്ചു. കൃത്യമായ പ്ലാൻ ഇല്ലാതെ കളത്തിലിറങ്ങരുത്. അവർ സ്ലോവർ ഡെലിവറികൾ മാത്രമാണ് എറിഞ്ഞത്. സൂര്യകുമാർ യാദവ് നേരിട്ട 22 പന്തുകളിൽ 17-18 എണ്ണവും സ്ലോ ബോൾ ആയിരുന്നു. ദക്ഷിണാഫ്രിക്ക ഇപ്പോൾ ‘ചോക്കേഴ്സ്’ അല്ല, അവർ മാറിപ്പോയി,” അശ്വിൻ പറഞ്ഞു.
മിഡിൽ ഓർഡർ തന്ത്രം
ആദ്യ നാല് ഓവറിനുള്ളിൽ 20 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ ദക്ഷിണാഫ്രിക്ക പതറുകയായിരുന്നു. എന്നാൽ ഡേവിഡ് മില്ലറും ഡെവാൾഡ് ബ്രെവിസും ചേർന്ന് കൃത്യമായ പ്ലാനിംഗിലൂടെ ടീമിനെ കരകയറ്റി. വാഷിംഗ്ടൺ സുന്ദറിനെയും വരുൺ ചക്രവർത്തിയെയുമാണ് അവർ പ്രധാനമായും ലക്ഷ്യം വെച്ചത്. ഇന്ത്യയുടെ താളം തെറ്റിക്കാൻ വരുൺ ചക്രവർത്തിക്കെതിരെ അവർ ആക്രമിച്ച് കളിച്ചു.
മത്സരശേഷം ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം വെളിപ്പെടുത്തിയത് പോലെ, ഇരുവരും തങ്ങളുടെ വിക്കറ്റുകൾക്കിടയിലെ വേഗത്തിലുള്ള ഓട്ടത്തിലും ഗ്യാപ്പുകളിലൂടെ റൺസ് കണ്ടെത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്കോർബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്ന ഇരുവരും പിന്നീട് സ്ഫോടനാത്മകമായ ബാറ്റിംഗിലൂടെ 97 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
4 ഓവറിൽ 47 റൺസ് വഴങ്ങിയ വരുൺ ചക്രവർത്തിയെ എങ്ങനെയാണ് നേരിട്ടതെന്ന് ഡേവിഡ് മില്ലർ വിശദീകരിച്ചു. 35 പന്തിൽ 63 റൺസ് അടിച്ചുകൂട്ടിയ മില്ലർ മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെയാണ്:
“അദ്ദേഹം ഒരു മോശം പന്ത് എറിഞ്ഞാൽ അത് കൃത്യമായി ശിക്ഷിക്കണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കുക എന്നതായിരുന്നു പ്രധാനം. ഇന്ന് പന്തിന് അത്ര വലിയ സ്പിൻ ഇല്ലാതിരുന്നതിനാൽ ലൈൻ വിശ്വസിച്ച് കളിക്കാൻ ഞങ്ങൾക്ക് സാധിച്ചു. അത് മനസ്സിലാക്കിയതോടെ അദ്ദേഹത്തെ ആക്രമിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. കാരണം കളിക്കുന്ന എല്ലാ ടീമുകൾക്കും വലിയ ഭീഷണിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ വരുണിനെ നേരിടുന്നതിനെക്കുറിച്ച് ഞങ്ങൾ നേരത്തെ തന്നെ ചർച്ച ചെയ്തിരുന്നു.”




