വംശനാശഭീഷണി നേരിടുന്ന ടോക്ക് മക്കാക്ക് ഇനത്തില്‍ പെടുന്ന കുരങ്ങുകളെ വന്‍തോതില്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ എതിര്‍ത്ത് ശ്രീലങ്കയിലെ മൃഗസംരക്ഷകര്‍. ഒരു ലക്ഷത്തിലധികം കുരങ്ങുകളെ ചൈനയിലേക്ക് അയയ്ക്കാന്‍ പോകുന്നതായി ശ്രീലങ്കയലെ കൃഷിമന്ത്രി നടത്തിയ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം.
വോയ്സ് ഓഫ് അമേരിക്കയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ റെഡ് ലിസ്റ്റില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറില്‍ ഉള്‍പ്പെടുത്തപ്പെട്ട ശ്രീലങ്കയില്‍ മാത്രം വ്യാപകമായി കാണപ്പെടുന്ന മൃഗമാണ് ടോക്ക് മക്കാക്ക്. ധാരാളമായി ഉള്ളതിനാല്‍ ശ്രീലങ്കയില്‍ ഇതൊരു സംരക്ഷിത ഇനമല്ല.
പ്രഖ്യാപനത്തിന് ശേഷം, സംരക്ഷകരും മൃഗാവകാശ പ്രവര്‍ത്തകരും ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. ചൈനീസ് ലാബുകളില്‍ കുരങ്ങുകളെ പരീക്ഷണത്തിന് ഉപയോഗിച്ചേക്കുമെന്ന ആശങ്കയാണ് അവര്‍ പങ്കുവെയ്ക്കുന്നത്. അതേസമയം
ഏകദേശം മൂന്ന് ദശലക്ഷത്തോളം വരുന്ന ടോക്ക് മക്കാക്കുകള്‍ ശ്രീലങ്കന്‍ കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാണ്. വിളകള്‍ നശിപ്പിക്കുന്ന ഇവയുടെ സംഖ്യ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് അവയില്‍ ഒരു ലക്ഷ ത്തോളം എണ്ണത്തെ കയറ്റി അയയ്ക്കുന്നത് എന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്.
മനുഷ്യസമാനമായ ഗുണങ്ങളുള്ള മക്കാക്കുകള്‍ യുഎസിലെയും യൂറോപ്പിലെയും മെഡിക്കല്‍ ടെസ്റ്റിംഗ് സൗകര്യങ്ങളില്‍ വളരെ ഡിമാന്റുള്ളവയാണ്. അത്തരം വ്യാപാരത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം മൃഗശാലകള്‍ക്ക് വില്‍ക്കുന്നതിനേക്കാള്‍ വളരെ വലുതായിരിക്കുമെന്നാണ് മൃഗസ്‌നേഹികള്‍ പറയുന്നത്.