ഹോളിവുഡിനോളം തന്നെ കൊറിയന്‍ ഡ്രാമയ്ക്കും ഇന്ത്യയില്‍ പ്രചാരമുണ്ട്. കെ ഡ്രാമ എന്ന ചുരുക്കത്തില്‍ അറിയപ്പെടുന്ന ദക്ഷിണ കൊറിയന്‍ സിനിമാവേദിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ മോശമല്ലാത്ത ആരാധകരുമുണ്ട്. അങ്ങിനെയെങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത നല്‍കാം. കെ. ഡ്രാമയിലെ വമ്പന്‍ നടനും മലയാളികള്‍ ഡോംഗ് ലീ മാമന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നയാളുമായ കൊറിയന്‍ സുപ്പര്‍താരം ‘മാ ഡോംഗ് സ്യൂക്ക്’ ഇന്ത്യന്‍ സിനിമയിലേക്ക് വരുന്നു.
ഇന്ത്യയിലെ വന്‍കിട പ്രൊജക്ടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള പ്രഭാസിന്റെ അടുത്ത തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഡോംഗ് ലീ എത്തിയേക്കുമെന്നാണ് വിവരം. സന്ദീപ് റെഡ്ഡി വെംഗ സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റി’ല്‍ മാ ഡോംഗ് സ്യൂക്ക് വില്ലനാകാനെത്തിയേക്കുമെന്നാണ് കേള്‍ക്കുന്നത്. സിനിമയിലെ വേഷത്തിന് താരം 10 കോടി രൂപയാണ് പ്രതിഫലം ചോദിച്ചിരിക്കുന്നതെന്നും വിവരമുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവും പ്രഖ്യാപനവുമൊക്കെ ഇനിയും വരേണ്ടതുണ്ട്്.
വന്‍ഹിറ്റുകളായ ‘ട്രെയിന്‍ ടു ബുസാന്‍’, മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ‘എറ്റേണല്‍സ്’ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് മാ ഡോംഗ് സ്യൂക്ക് കൂടുതല്‍ അറിയപ്പെടുന്നത്. 2004 മുതല്‍ ദക്ഷിണ കൊറിയന്‍ ചലച്ചിത്ര വ്യവസായത്തിലെ അറിയപ്പെടുന്ന താരമാണ് മാ ഡോംഗ് സ്യൂക്ക്. നിരവധി ദക്ഷിണ കൊറിയന്‍ സിനിമകളും ഹോളിവുഡ് സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേള്‍ക്കുന്ന കാര്യം ശരിയാണെങ്കില്‍ തെലുങ്ക് ചലച്ചിത്ര വ്യവസായത്തില്‍ മാത്രമല്ല, ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലും മാ ഡോങ് സ്യൂക്കിന്റെ അരങ്ങേറ്റമായിരിക്കും.
അതേസമയം, 2024 അവസാനത്തോടെ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ഈ വര്‍ഷം ആദ്യം സന്ദീപ് റെഡ്ഡി വംഗ വെളിപ്പെടുത്തിയിരുന്നു. കോപാകുലനായ ഒരു യുവ പോലീസ് ഓഫീസറു െവേഷമാണ് പ്രഭാസ് അവതരിപ്പിക്കുന്നതെന്നാണ് വിവരം. അക്രമത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ സന്ദീപിന്റെ ശൈലിയിലായിരിക്കും ഈ സിനിമയും. രണ്‍ബീര്‍ കപൂറിന്റെ അനിമലിനേക്കാള്‍ വലുതും ഗംഭീരവുമാകുമെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ സുരേഷ് സെല്‍വരാജനും നേരത്തെ വെളിപ്പെടുത്തിയിരുന്നു.