ഉത്തർപ്രദേശിലെ മുസാഫർനഗറിലെ എസ്ഡി ഡിഗ്രി കോളജ് വളപ്പിൽ വിദ്യാർഥിനിയെ സഹപാഠിയുടെ കാമുകൻ മർദിച്ചതായി പരാതി. 10 സെക്കൻഡിനുള്ളിൽ 9 തവണയാണ് ഇയാൾ വിദ്യാർത്ഥിനിയെ അടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം. ഒന്നാം വർഷ ബിഎ വിദ്യാർഥിനിയാണ് സഹപാഠിയുടെ കാമുകന്റെ പീഡനത്തിനിരയായത്. അമർജീത് എന്നയാളാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അമർജീത് പെൺകുട്ടിയെ ആവർത്തിച്ച് അടിക്കുന്നതും പെൺകുട്ടിക്ക് സ്വയം പ്രതിരോധിക്കാൻ കഴിയാതെ വരുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇതിനിടയിൽ പെൺകുട്ടിയുടെ നിലവിളികളും സഹായത്തിനായി കേഴുന്നതും കേൾക്കാം. ഈ സമയം അവിടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥി പെൺകുട്ടിയെ യുവാവിൽ നിന്ന് വേർപെടുത്തി രക്ഷിക്കുന്നത് വീഡിയോയിൽ കാണാം.
എന്നാൽ സംഭവത്തെക്കുറിച്ച് വിദ്യാർത്ഥിനി പരാതിപ്പെട്ടപ്പോൾ, ഇത് കോളേജിന് പുറത്തുള്ള കാര്യമാണെന്നാണ് പ്രൊഫസർമാരിൽ ഒരാൾ പ്രതികരിച്ചത്. എന്നാൽ വീഡിയോ വൈറലായതോടെ വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകുകയായിരുന്നു. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.