ദിവസം കൂടുംതോറും വേനല്‍ ചൂട് കടുത്തു കൊണ്ടിരിയ്ക്കുകയാണ്. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതിനാല്‍ സൂര്യതാപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണകാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്. അതോടൊപ്പം വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. വേനല്‍ക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിലും കുറച്ച് അധികം ശ്രദ്ധ പുലര്‍ത്തണം. വേനല്‍ക്കാലത്ത് പലരും നേരിടുന്നൊരു പ്രധാന പ്രശ്‌നമാണ് ചുണ്ടുകള്‍ വരളുകയും തൊലി ഇളകിവരുന്നതുമൊക്കെ. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ വീട്ടിലുള്ള വസ്തുക്കള്‍ കൊണ്ട് ചുണ്ടിനെ വരള്‍ച്ചയില്‍ നിന്നു രക്ഷിക്കാം.
* ചുണ്ടുകള്‍ നനച്ചു തുടയ്ക്കല്ലേ -നാവുകൊണ്ട് ഇടയ്ക്കിടെ നനച്ചു തുടയ്ക്കുന്നത് ചുണ്ടുകളുടെ വരള്‍ച്ച കുറയാന്‍ നല്ലതാണെന്ന് ചിലരെങ്കിലും ധരിച്ചു വച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും അങ്ങനെ ചെയ്യരുത്. ഉമിനീരു കൊണ്ട് ചുണ്ടുകള്‍ നനയ്ക്കുമ്പോള്‍ താല്‍ക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും അങ്ങനെ ചെയ്യുന്നതിലൂടെ ചുണ്ടിന്റെ സ്വാഭാവിക ഈര്‍പ്പം നഷ്ടപ്പെടുകയാണ്. പകല്‍ വെളിച്ചെണ്ണ പുരട്ടിയോ രാത്രി കിടക്കുമ്പോള്‍ കറ്റാര്‍വാഴനീരു പുരട്ടിയോ ചുണ്ടിന്റെ വരള്‍ച്ച തടയാം. പ്രകൃതിദത്തമാര്‍ഗങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ഗുണനിലവാരമുള്ള ലിപ് ബാം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
* വെള്ളം ധാരാളം കുടിയ്ക്കുക – പൊതുവെ വെള്ളം കുടിക്കാന്‍ പലര്‍ക്കും മടിയാണ്. ഈ മടി വേനല്‍ക്കാലത്ത് കൂടുതല്‍ ദോഷം ചെയ്യും. ദാഹിച്ചാലും ഇല്ലെങ്കിലും വേനല്‍ക്കാലത്ത് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. വെറുതെ വെള്ളം കുടിച്ചാല്‍ ചിലര്‍ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നുമെന്ന് പറയാറുണ്ട്. അത്തരക്കാര്‍ക്ക് നാരങ്ങാവെള്ളം, മോരുംവെള്ളം, കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍ എന്നിവ കുടിക്കാം. പക്ഷേ മധുരമുള്ള ജൂസുകളും കൃത്രിമ പാനീയങ്ങളും തീര്‍ച്ചയായും ഒഴിവാക്കണം. വെള്ളം കുടിക്കാന്‍ തീരെ താല്‍പര്യമില്ലാത്തവര്‍ കൂടുതല്‍ ജലാംശമടങ്ങിയ വെള്ളരി, തണ്ണിമത്തന്‍, ഓറഞ്ച് പോലെയുള്ള ഫലവര്‍ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വൈറ്റമിന്‍ സി അടങ്ങിയ ഫലങ്ങള്‍ ശരീരത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും അതുവഴി ചര്‍മത്തിന്റെയും ചുണ്ടുകളുടെയും വരള്‍ച്ച നിയന്ത്രിക്കാനും സഹായിക്കും.
* ഗ്രീന്‍ ടീ – ഗ്രീന്‍ ടീയില്‍ നിറയെ ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. ചുണ്ടുകളുടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാന്‍ ഗ്രീന്‍ ടീയ്ക്കു കഴിയും. ഗ്രീന്‍ ടീയില്‍ കുറച്ച് ഒലിവ് ഓയിലും പഞ്ചസാരയും ചേര്‍ത്ത് ആ മിശ്രിതം ചുണ്ടില്‍ പുരട്ടി സ്‌ക്രബ് ചെയ്താല്‍ ചുണ്ടിന്റെ വരള്‍ച്ച മാറും, തിളക്കവും വര്‍ധിക്കും.
* സ്‌ക്രബ് ചെയ്യാം – വരണ്ട ചുണ്ടിലെ തൊലി വലിച്ചിളക്കി അവിടെ മുറിവുകളുണ്ടാകുന്നത് വേനല്‍ക്കാലത്തു പതിവാണ്. എന്നാല്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ വേദനയില്ലാതെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. വീട്ടിലും തൊടിയിലുമുള്ള പ്രകൃതിദത്ത വസ്തുക്കള്‍ കൊണ്ട് സ്‌ക്രബ് ചെയ്താല്‍ ചുണ്ടിലെ മൃതകോശങ്ങളെ അനായാസം അകറ്റാം. പാല്‍, തേന്‍, പഞ്ചസാര, കാപ്പിപ്പൊടി, വെളിച്ചെണ്ണ, കറ്റാര്‍വാഴ തുടങ്ങിയ വസ്തുക്കള്‍ ചുണ്ടില്‍ പുരട്ടി സാവധാനം സ്‌ക്രബ് ചെയ്താല്‍ മൃതകോശങ്ങള്‍ ഇളകി മനോഹരമായ ചുണ്ടുകള്‍ ലഭിക്കും. പാല്‍പ്പാടയും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതവും നല്ലൊരു സ്‌ക്രബിങ് ഏജന്റാണ്. ആഴ്ചയില്‍ ഒരിക്കലോ രണ്ടാഴ്ചയില്‍ ഒരിക്കലോ ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്.
* ലിപ് ബാമിലും നോക്കണം എസ്പിഎഫ് – വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ എസ്പിഎഫ് 50 നു മുകളിലുള്ള സണ്‍സ്‌ക്രീനുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നവരില്‍ പലരും ലിപ്ബാമിന്റെ കാര്യം വരുമ്പോള്‍ അശ്രദ്ധ കാട്ടാറാണ് പതിവ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ മികച്ച എസ്പിഎഫ് സുരക്ഷ പ്രധാനം ചെയ്യുന്ന ലിപ്ബാമുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഷിയ ബട്ടറടങ്ങിയ ലിപ് ബാമുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കാം. ലിപ് ബാമുകള്‍ പുരട്ടാന്‍ താല്‍പര്യമില്ലാത്തവര്‍ വെയിലത്ത് പുറത്തു പോകും മുന്‍പ് അല്‍പം വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടിയാല്‍ മതി.