Oddly News

സിംഗിള്‍ ആണോ? ഇന്ന് നിങ്ങളുടെ ദിവസം, തകർത്ത് ആഘോഷിക്കൂ…

പ്രണയിക്കുന്നവര്‍ക്ക് ആഘോഷിക്കാനായി എത്ര എത്ര ദിനങ്ങളാണല്ലേ കലണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അവര്‍ മാത്രം ആഘോഷിച്ചാല്‍ മതിയോ? സിംഗിള്‍സിനും അവിവാഹിതര്‍ക്കും ആഘോഷിക്കേണ്ടേ? എന്നാല്‍ സിംഗിള്‍ ലൈഫ് ആഘോഷിക്കുന്നവര്‍ക്കായിയാണ് ഇന്നത്തെ ദിവസം. ലോകത്തിന്റെ പല ഭാഗത്തും നവംബര്‍ 11 സിംഗിള്‍സ് ഡേയായി ആഘോഷിക്കുന്നു.

സിംഗിള്‍സ് ഡേ പ്രചരണത്തിലെത്തിയട്ട് കുറച്ച് പതിറ്റാണ്ടുകള്‍ മാത്രമാണ് ആയിരിക്കുന്നത്. 1993ല്‍ ചൈനയിലെ നാന്‍ജിങ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളാണ് ഇത്തരത്തില്‍ ഒരു ദിവസം ആചരിച്ചത്. പങ്കാളിയില്ലാതെ തനിച്ച് ജീവിക്കുന്നവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സിംഗിള്‍സ് ഡേ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചത് . പതിനൊന്നാം മാസത്തിലെ പതിനൊന്നാം ദിനമാണിന്ന്. അതായത് എഴുതുമ്പോള്‍ നാല് ഒന്നുകള്‍ ചേര്‍ന്നുവരുന്ന ദിനം.

തുടക്കകാലത്ത് ബാച്ചിലേഴ്സ് ഡേ എന്നാണ് ഈ ദിനം അറിയപ്പെട്ടിരുന്നത്. പിന്നീട് സര്‍വകലാശാലയ്ക്ക് പുറത്തും ക്രമേണ രാജ്യത്തിനു പുറത്തും ആളുകള്‍ ഈ ദിനം ശ്രദ്ധിച്ചുതുടങ്ങിയതോടെ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ആചരിക്കുന്നതിനായി സിംഗിള്‍സ് എന്ന പേര് സ്വീകരിക്കുകയായിരുന്നു . ഇന്ന് പല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ജര്‍മെനിയും ബെല്‍ജിയവും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും സിംഗിള്‍ ദിനം പ്രശസ്തമാണ്.

സ്വയം സ്നേഹിക്കുക സ്വതന്ത്രമായി ജീവിക്കുകയെന്ന സന്ദേശമാണ് ഈ സിംഗിള്‍സ് ഡേ നല്‍കുന്നത്. ഈ ദിനം ഇഷ്ടമുള്ള സിനിമ കണ്ടും ഭക്ഷണം കഴിച്ചും സ്വയമായി സന്തോഷിപ്പിക്കാനാവുന്നതെല്ലാം ചെയ്യാം. സ്വയമായി സമ്മാനങ്ങള്‍ നല്‍കാം.

വളരെ ഗൗരവകരമായി സിംഗിള്‍സ് ഡേയെ കാണുന്ന സമൂഹവും നിലനില്‍ക്കുന്നു. പങ്കാളികള്‍ ഇല്ലാത്തവര്‍ക്കായി പ്രത്യേക പാര്‍ട്ടികളും ഒത്തുചേരലുകളും ഇവര്‍ സംഘടിപ്പിക്കുന്നു. ചൈനയിലാണ് ഈ ദിനത്തിന് ഏറെ പ്രാധാന്യം . നവംബര്‍ 11ന് പുറമേ മറ്റൊരു സിംഗില്‍ ഡേ കൂടി പ്രചാരത്തിലുണ്ട്.വലൈന്റൈന്‍സ് ഡേയുടെ പിറ്റേന്ന് ഫെബ്രുവരി 15 പൊതുവേ സിംഗിള്‍ ഡേയായി കണക്കാക്കുന്നു.