Crime

ഇന്‍ഫ്‌ളുവന്‍സര്‍ സിമ്രാന്‍ സിങ് മരിച്ചനിലയില്‍, ആത്മഹത്യയെന്ന് നിഗമനം

ന്യൂഡല്‍ഹി: സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും ജനപ്രിയ ഫ്രീലാന്‍സ് റേഡിയോ ജോക്കിയുമായ സിമ്രാന്‍ സിങ്ങി(25)നെ ഗുരുഗ്രാമിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പോലീസിനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയാണ് സിമ്രാന്റെ മരണം റിപ്പോര്‍ട്ട് ചെയ്തത്.

ജമ്മു കശ്മീരില്‍ നിന്നുള്ള സിമ്രാന് ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം ഏഴുലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. സിമ്രാനെ അവരുടെ ആരാധകര്‍ സ്‌നേഹപൂര്‍വം ജമ്മു കി ധഡ്കന്‍ (ജമ്മുവിന്റെ ഹൃദയമിടിപ്പ്) എന്ന് വിളിച്ചിരുന്നു.

കഴിഞ്ഞ 13-നാണ് അവരുടെ അവസാന പോസ്റ്റ് വന്നിരിക്കുന്നത്. സെക്ടര്‍ 47 ലെ അപ്പാര്‍ട്ട്‌മെന്റില്‍ സിമ്രാനെ മരിച്ച നിലയില്‍ കണ്ടെത്തിയ അവരോടൊപ്പം താമസിച്ചിരുന്ന ഒരു സുഹൃത്ത് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മരണം ആത്മഹത്യയാണെന്നു പോലീസ് സംശയിക്കുന്നു. മൃതദേഹം സിമ്രാന്റെ കുടുംബത്തിനു കൈമാറി. ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (ജെ.കെ.എന്‍.സി) മേധാവി ഫാറൂഖ് അബ്ദുല്ലയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സിമ്രാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.