Health

നിങ്ങളുടെ കുഞ്ഞ് ഒരു ‘പഞ്ചാരകുഞ്ചു’ ആണോ? എങ്കിൽ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കണം

കുട്ടികള്‍കളില്‍ ഭൂരിഭാഗം പേരും മധുരകൊതിയന്മാര്‍ തന്നെ ആയിരിയ്ക്കും. കുട്ടിക്കാലം മുതലേ അവര്‍ക്ക് ഇതൊക്കെ മാതാപിതാക്കള്‍ വാങ്ങി നല്‍കുന്നത് തന്നെയാണ് പ്രശ്‌നമെന്ന് വേണമെങ്കില്‍ നമുക്ക് പറയാം. ചോക്ലേറ്റുകളും, ഐസ്‌ക്രീമുകളുമൊക്കെ കിട്ടിയാല്‍ ഒരു കുട്ടിയും വേണ്ട എന്ന് പറയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കുട്ടിക്കാലം മുതലേയുള്ള ഈ ശീലംകുട്ടികളുടെ ആരോഗ്യത്തെ തന്നെ ബാധിയ്ക്കും…

അമിതമായാല്‍ മധുരം നല്ലതല്ലെന്ന് കുട്ടികളെ പഠിപ്പിയ്ക്കുക – അമിതമായി മധുരവും മധുരപലഹാരങ്ങളും കഴിക്കുന്നത് ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കുക. പലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ കഴിക്കാന്‍ ശീലിപ്പിക്കുക. അല്ലെങ്കില്‍ വീട്ടില്‍ ഉണ്ടാക്കുന്ന സ്‌നാക്കുകള്‍ നല്‍കാവുന്നതാണ്. ഐസ്‌ക്രീമിന് പകരം തൈര് കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം. തേന്‍ ഉപയോഗിച്ച് ആരോഗ്യകരമായ മധുരപലഹാരങ്ങള്‍ വീട്ടില്‍ ഉണ്ടാക്കാം. പഞ്ചസാര ഉള്‍പ്പെട്ട പലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

ആരോഗ്യകരമായ ഭക്ഷണശീലം മാതാപിതാക്കളും ഉണ്ടാക്കിയെടുക്കുക – മിക്ക കുട്ടികളും തങ്ങളുടെ മാതാപിതാക്കളെയാണ് അനുകരിയ്ക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഒരു ഭക്ഷണശീലം മാതാപിതാക്കള്‍ ഉണ്ടാക്കിയെടുക്കുക. മാതാപിതാക്കള്‍ പഞ്ചസാര ഉപയോഗിക്കുന്നത് കുറയ്ക്കുമ്പോള്‍ കുഞ്ഞുങ്ങളും അത് പിന്തുടരും. കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. ഇത് കുട്ടിയില്‍ ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കാന്‍ സഹായിക്കും.

മധുരപലഹാരങ്ങള്‍ കഴിക്കുന്നതിന് കൃത്യമായ നിയന്ത്രണം – മധുരപലഹാരങ്ങള്‍ കഴിക്കുന്നതിന് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുക. എന്തെങ്കിലും ആഘോഷവേളകളിലോ, ആഴ്ചയില്‍ ഒരിക്കല്‍ മാത്രമോ മധുരപലഹാരങ്ങള്‍ കഴിക്കാം എന്നത് ശീലമാക്കുക. പഠിക്കുന്നതിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനോ മധുരപലഹാരങ്ങള്‍ പാരിതോഷികമായി നല്‍കുന്നത് നിര്‍ത്തുക.

പഞ്ചസാര നല്‍കാതിരിയ്ക്കുക –  മധുരമുള്ള എന്ത് കിട്ടിയാലും അത് കഴിക്കാന്‍ കുട്ടികള്‍ക്ക് മടിയുമുണ്ടാകില്ല. എന്നാല്‍, മധുരമുള്ള വസ്തുക്കള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. വളരുന്ന പ്രായത്തിലുള്ള കുട്ടികള്‍ അമിതമായി മധുരം കഴിക്കുന്നുണ്ടെങ്കില്‍ അതിന് തടയിടണം.

മധുരമുള്ള പാനീയങ്ങള്‍ നിയന്ത്രിക്കുക – മധുരപാനീയങ്ങളായ സോഡ, ജ്യൂസ്, സോഫ്റ്റ് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക. കാരണം, ഇവയിലെല്ലാം അമിതമായി പഞ്ചസാരയുടെ അളവ് ഉണ്ടായിരിക്കും. ഇതിന് പകരമായി വെള്ളം, പാല്‍, വെള്ളത്തില്‍ ലയിപ്പിച്ച പഴച്ചാറുകള്‍, കരിക്കിന്‍ വെള്ളം, മോര് എന്നിവ കുടിക്കാനായി ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യകരമായിരിക്കണം ലഘുഭക്ഷണങ്ങള്‍ – കുട്ടികള്‍ക്ക് മിക്കപ്പോഴും സ്‌കുളുകളിലേക്ക് പോകുമ്പോള്‍ ലഞ്ച് ബോക്‌സിന് ഒപ്പം ഒരു സ്‌നാക്‌സ് ബോക്‌സ് കൂടി കൊടുത്തു വിടേണ്ടതായി വരും. ഈ സ്‌നാക്‌സ് ബോക്‌സ് എപ്പോഴും ആരോഗ്യകരമായിരിക്കണം. ബിസ്‌ക്കറ്റ് പോലെയുള്ള മധുരപലഹാരങ്ങള്‍ക്ക് പകരം പഴങ്ങളും ഡ്രൈ ഫ്രൂട്‌സുകളും നട്‌സുകളും നല്‍കാവുന്നതാണ്. നിലക്കടല, പിസ്ത, ബദാം, ഈന്തപ്പഴം എന്നിവയൊക്കെ ഉള്‍പ്പെടുത്താവുന്നതാണ്. ഓട്‌സും മറ്റും ഉപയോഗിച്ച് വീട്ടില്‍ ഉണ്ടാക്കുന്ന എനര്‍ജി ബോളുകളും കുട്ടികള്‍ക്ക് സ്‌നാക്‌സ് ആയി കൊടുത്തു വിടാവുന്നതാണ്.

ലേബലുകള്‍ വായിച്ച് ഭക്ഷണം തിരഞ്ഞെടുക്കുക – ഭക്ഷണസാധനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ലേബലുകള്‍ കൃത്യമായി വായിക്കുക. ലേബലുകളില്‍ മിക്കപ്പോഴും ‘ആഡഡ് ഷുഗര്‍’ എന്നതിന് താഴെ ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ്, തേന്‍, മേപല്‍ സിറപ്പ് എന്നീ പരാമര്‍ശങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. മധുരമില്ലാത്ത ഭക്ഷണ വസ്തുക്കള്‍ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക.