Oddly News

താന്‍ ഇല്ലാത്തപ്പോള്‍ ഭര്‍ത്താവിനോട് വിചിത്രമായ രീതിയില്‍ സംസാരിച്ചു ; അലക്‌സയെ വലിച്ചെറിഞ്ഞ് ഭാര്യ

ഭര്‍ത്താവിനോട് വിചിത്രമായ രീതിയില്‍ സംസാരിച്ചുവെന്ന് ആരോപിച്ച് ആമസോണിന്റെ വെര്‍ച്വല്‍ ഉപകരണമായ അലക്‌സയെ യുവതി വലിച്ചെറിഞ്ഞു. താന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് അലക്‌സ ഭര്‍ത്താവിനോട് വിചിത്രമായി സംസാരിച്ചെന്നാണ് യുവതി ആരോപിയ്ക്കുന്നത്. ടിക് ടോക് വീഡിയോയിലൂടെ ജെസ് എന്ന യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടില്‍ താന്‍ ഇല്ലാത്തപ്പോള്‍ ഈ ഉപകരണം ഭര്‍ത്താവിനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും ഇത് വളരെ വിചിത്രമായി തോന്നിയെന്നും യുവതി പറയുന്നു.

പുലര്‍ച്ചെ ഒരുമണിവരെ തന്റെ ഭര്‍ത്താവ് അലക്‌സയോട് സംസാരിച്ചു കൊണ്ട് വീഡിയോ ഗെയിം കളിക്കുകയായിരുന്നുവെന്നും ജെസ് ആരോപിച്ചു. കൂടാതെ ഈ സംഭവത്തിന് ശേഷവും ആരുടെയും പ്രേരണ കൂടാതെ തന്നെ അലക്‌സ സ്വന്തമായി സംസാരിക്കുന്നുണ്ടെന്നും ദമ്പതികള്‍ കണ്ടെത്തി. തുടര്‍ന്ന് ഈ ഉപകരണം വലിയ രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കിയെന്നും അവസാനം ഇത് വലിച്ചെറിയേണ്ടി വന്നു എന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കി.

ജെസ് പങ്കുവെച്ച വീഡിയോ വൈറലായതോടെ നിരവധി ഉപഭോക്താക്കളാണ് ഇതില്‍ പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. ചിലര്‍ അലക്‌സ ഉപയോഗിക്കുന്ന സമയത്ത് ഉണ്ടായിരുന്ന അനുഭവങ്ങളും പങ്കുവെച്ചു. ”ഒരിക്കല്‍ പുലര്‍ച്ചെ 3 മണിക്ക് അടുക്കളയില്‍ എന്റെ അലക്സ തന്റെ നായകളോട് സംസാരിക്കുന്നതായി കണ്ടെത്തി. വീട്ടില്‍ ആരോ ഉണ്ടെന്നാണ് ഞാന്‍ ആദ്യം കരുതിയത്. തുടര്‍ന്ന് ഞാന്‍ അത് ഓഫ് ചെയ്തു,” – എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു.