ന്യൂഡല്‍ഹി: ഫരീദാബാദില്‍ വന്‍ സ്‌ഫോടകവസ്‌തു ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഡോ. ഷഹീന്‍ സയീദിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലഖ്‌നൗവിലെ ദല്‍ഹിഗഞ്ചില്‍ നിന്നുള്ള ഷഹീന്‍ ആണ് രാജ്യത്ത് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്‌മെന്റ് വിഭാഗത്തെ നയിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ചെങ്കോട്ടയ്‌ക്ക് സമീപം ബോംബ് സ്‌ഫോടനം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഡോ. ഷഹീന്‍ സയീദ് ലിബറല്‍ കാഴ്‌ചപ്പാടുള്ള ആളായിരുന്നുവെന്നും, മതവിശ്വാസിയായിരുന്നില്ലെന്നും അവരുടെ മുന്‍ ഭര്‍ത്താവ് ഡോ. ഹയാത്ത് സഫര്‍ മാധ്യമങ്ങളോട് പറഞ്ഞു.
2012-ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. വേര്‍പിരിയുന്നതിനുമുമ്പ്, രണ്ട് കുട്ടികളുമായി ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്‌ഥിരതാമസമാക്കണമെന്ന് ഷഹീന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇതേച്ചൊല്ലി തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഡോ. ഹയാത്ത് വ്യക്‌തമാക്കി.
2012-ല്‍ വേര്‍പിരിഞ്ഞശേഷം താന്‍ ഷഹീനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഡോ. ഹയാത്ത് പറഞ്ഞു. രണ്ട് കുട്ടികളും തന്നോടൊപ്പമാണ് താമസിക്കുന്നത്. ഷഹീന്‍ പള്‍മണോളജി പ്രഫസറായിരുന്നുവെന്നും 2006-ല്‍ ആണ് ബിരുദം പൂര്‍ത്തിയാക്കിയെന്നും ഹയാത്ത് കൂട്ടിച്ചേര്‍ത്തു.
2,900 കിലോഗ്രാം സ്‌ഫോടകവസ്‌തുക്കള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ കശ്‌മീരി ഡോക്‌ടര്‍ ഡോ. മുസമ്മിലുമായി ഷഹീന് അടുത്ത ബന്ധമുണ്ടായിരുന്നു. ഷഹീനിന്റെ അറസ്‌റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ് സയ്യിദ് അഹമ്മദ് അന്‍സാരി പറഞ്ഞു.
മകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷഹീന്‍ അവസാനമായി താനുമായി സംസാരിച്ചത് ഏകദേശം ഒരു മാസം മുമ്പാണെങ്കിലും, മകളുടെ മുന്‍ ഭര്‍ത്താവായ ഹയാത്ത് സഫറുമായി താന്‍ എല്ലാ ആഴ്‌ചയും സംസാരിക്കാറുണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
അറസ്‌റ്റിനെ തുടര്‍ന്ന് എന്‍.ഐ.എ, എ.ടി.എസ് സംഘങ്ങള്‍ ലഖ്‌നൗവിലെ ഷഹീനിന്റെ പിതാവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം.
വനിതാ വിഭാഗം രൂപവത്‌കരിക്കാന്‍ ലക്ഷ്യമിട്ട് ജെയ്‌ഷെ മുഹമ്മദ് നടത്തിയ റിക്രൂട്ട്‌മെന്റ് ൈഡ്രവിനിടെയാണ് ഷഹീന്‍ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന സൂചന. ഫരീദാബാദില്‍ ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും കടത്താന്‍ ഉപയോഗിച്ച വാഹനം ഷഹീന്റെ പേരിലാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.
ഇവര്‍ നിരവധി തവണ ജമ്മു കശ്‌മീരിലേക്ക് യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഷഹീന്‍ ഇതിനുമുന്‍പ് ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള ജി.എസ്.വി.എം. മെഡിക്കല്‍ കോളജില്‍ ലക്‌ചററായി ജോലി ചെയ്‌തിരുന്നു. പി.എസ്.സി വഴിയാണ് അവര്‍ക്ക് നിയമനം ലഭിച്ചത്. എന്നാല്‍, മുന്നറിയിപ്പില്ലാതെ ഹാജരാകാതിരിക്കുന്നത് പതിവായതോടെ 2021-ല്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
തന്റെ സഹോദരന്‍ പര്‍വേസ് സയീദും ഭീകരവാദ ആശയങ്ങളില്‍ ആകൃഷ്‌ടനായിരുന്നുവെന്നും മുസമ്മിലിന്റെയും അദീലിന്റെയും അതേ ചാറ്റ് ഗ്രൂപ്പില്‍ അംഗമായിരുന്നുവെന്നും ഷഹീന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ജമ്മു കശ്‌മീര്‍ പോലീസ് സംഘം ചൊവ്വാഴ്‌ച ലഖ്‌നൗവിലെത്തി പര്‍വേസിനെ കസ്‌റ്റഡിയിലെടുത്തെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല. അറസ്‌റ്റ് മുന്‍കൂട്ടി കണ്ട് അയാള്‍ സ്‌ഫോടകവസ്‌തുക്കള്‍ മാറ്റിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്‌ഥര്‍ പറയുന്നു.




