Featured Good News

കോടീശ്വരന്റെ മക്കളുടെ ആയ, ഈ യുവതി ഇപ്പോൾ സമ്പാദിക്കുന്നത് 1 കോടി രൂപ, ലോകം ചുറ്റാം, വേറെയും ആനുകൂല്യങ്ങള്‍

സാധാരണക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ജീവിതമാണ് 28 കാരിയായ കാസിഡി ഒ’ഹേഗൻ നയിക്കുന്നത്. സ്വകാര്യ ജെറ്റിൽ ലോകം ചുറ്റി സഞ്ചരിക്കുന്ന അവർ ശീതകാലം ആസ്പെനിലും (Aspen) വേനൽക്കാലം ഹാംപ്ടൺസിലുമാണ് (Hamptons) ചെലവഴിക്കുന്നത്. കൂടാതെ പ്യൂർട്ടോ റിക്കോ, ഇന്ത്യ, മാലിദ്വീപ്, ദുബായ്, മറ്റ് വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും അവർ യാത്ര ചെയ്യുന്നു. ഇതിനെല്ലാമുള്ള ചെലവ് വഹിക്കുന്നത് അവരുടെ തൊഴിലുടമയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഇതൊക്കെ കേൾക്കുമ്പോൾ, അവർ എന്താണ് ജോലി ചെയ്യുന്നത് എന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നുണ്ടാവുക. ഒരു കോടീശ്വര കുടുംബത്തിന്റെ ആയ (Nanny) ആയാണ് ഒ’ഹേഗൻ ജോലി ചെയ്യുന്നത്. ലോകം ചുറ്റാനുള്ള അവസരത്തിന് പുറമേ മറ്റ് നിരവധി ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നു.

ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച്, കൊളറാഡോ സ്വദേശിയായ ഇവർക്ക് റിട്ടയർമെന്റ് പ്ലാൻ, ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയുമുണ്ട്. സ്വകാര്യ ഷെഫ് ആണ് ഇവർക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു “ആയയുടെ വസ്ത്രശേഖരവും” ഉണ്ട്.

“എന്റെ ഓർത്തോപീഡിക് മെഡിക്കൽ സെയിൽസ് ജോലിയ്ക്ക് ഒരിക്കലും ഇതിനോട് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല,” അവർ പറയുന്നു. 2019-ൽ, എംകാറ്റിന് (MCAT) തയ്യാറെടുക്കുന്നതിനിടെ കൂടുതൽ പണം സമ്പാദിക്കാൻ 22 വയസ്സുള്ള ഒ’ഹേഗൻ ശ്രമിച്ചിരുന്നു. ഈ സമയത്താണ് അവർ ഉയർന്ന വരുമാനമുള്ള ഒരു കുടുംബത്തോടൊപ്പം ജോലി ചെയ്യാൻ ആഗ്രഹിച്ചത്. “അവിടെ താമസിച്ച് തുടങ്ങിയ ശേഷം, ഞാൻ തികച്ചും വ്യത്യസ്തമായ ഒരു ലോകത്താണ് എത്തിയതെന്ന് എനിക്ക് വളരെ പെട്ടെന്ന് മനസ്സിലായി,” അവർ പറയുന്നു.

കോടീശ്വരന്റെ കുട്ടികളുടെ ആയയായി ശമ്പളം ഇരട്ടിയാക്കി

ഇതൊക്കെയാണെങ്കിലും, ഒരു കോർപ്പറേറ്റ് കരിയർ നേടാനായിരുന്നു ഒ’ഹേഗൻ ആഗ്രഹിച്ചത്, അതിനാൽ അവർ ആയ ജോലി ഉപേക്ഷിച്ചു. 2021-ൽ, ഒരു വലിയ കമ്പനിയിലെ മെഡിക്കൽ സെയിൽസ് ജോലിയ്ക്കായി ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി. അവിടെ അവർക്ക് വർഷം 65,000 ഡോളർ (ഏകദേശം 54 ലക്ഷം രൂപ) വരുമാനം ഉണ്ടായിരുന്നു. എന്നിരുന്നാലും, അവർക്ക് അവിടെ എന്തോ ശരിയല്ലെന്ന് തോന്നി. അവർ പെട്ടെന്ന് തന്നെ മാനസികമായി തളർന്നു.

ഒരു വർഷത്തിനുള്ളിൽ തന്നെ അവർ ആ ജോലി ഉപേക്ഷിച്ച് വീണ്ടും ആയ ജോലിയിലേക്ക് മടങ്ങി. “ഞാൻ ആരാണോ, അതുമായി യോജിക്കുന്ന ജോലിയിൽ നിന്നാണ് ഞാൻ അകന്നുപോയതെന്ന് ഞാൻ തിരിച്ചറിഞ്ഞു,” അവർ പറയുന്നു. ” സൗഹൃദമുള്ള, ഉൾക്കാഴ്ചയുള്ള, മറ്റുള്ളവരെ സഹായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ,” അവർ കൂട്ടിച്ചേർത്തു.