Sports

ഷാര്‍പ്പ് ത്രോ, സര്‍പ്രൈസ് റണ്‍ഔട്ട്; ബാറ്ററെ ഞെട്ടിച്ച് ഇന്ത്യയുടെ പെണ്‍പട; വീഡിയോ

ന്യൂസിലന്‍‍ഡിന് എതിരായ ആദ്യ വനിതാ ഏകദിന മത്സരത്തിൽ ന്യൂസിലൻഡിനെ 59 റൺസിന് തോൽപിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലെത്തി. എന്നാല്‍ മത്സരത്തിലെ ത്രസിപ്പിക്കുന്ന ഒരു റണ്‍ഔട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബോളറായ ദീപ്തി ശര്‍മയേയും വിക്കറ്റ് കീപ്പര്‍ യാസ്തിക ഭാട്ടിയയേയും പ്രശംസിക്കുകയാണ് ആരാധകര്‍. ദീപ്തി ശര്‍മ ബൗള്‍ ചെയ്യുമ്പോള്‍ ന്യൂസിലന്‍ഡിന്റെ സോഫീയായിരുന്നു ക്രീസില്‍. ക്രീസ് ലൈനിന് പുറത്തേ് ഇറങ്ങിയാണ് സോഫി ബോള്‍ ബ്ലോക്ക് ചെയ്തിട്ടത്. ഇതുശ്രദ്ധിച്ച ബൗളര്‍ പെട്ടെന്ന് തന്നെ പന്തെടുത്ത് കീപ്പര്‍ യാസ്തിക ഭാട്ടിയക്ക് എറിഞ്ഞുകൊടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ യാസ്തിക ബെയില്‍സ് ഇളക്കി. ആ സമയം സോഫി നേരിയ വ്യത്യാസത്തില്‍ ക്രീസ് ലൈനിന് പുറത്തായിരുന്നു.

റണ്‍ഔട്ട് സാധ്യതയുണ്ടെന്ന് മനസിലാക്കി ത്രോ നല്‍കിയ ബൗളറേയും പിഴവുകളില്ലാതെ ബെയില്‍സ് ഇളക്കിയ വിക്കറ്റ് കീപ്പറേയും പ്രശംസിച്ചാണ് കമന്റുകള്‍ വരുന്നത്. രണ്ട് റണ്‍സ് എടുത്ത് നില്‍ക്കെ ക്യാപ്റ്റന്‍ റണ്‍ഔട്ടിലൂടെ മടങ്ങിയതോടെ ന്യൂസീലന്‍ഡ് ബാക്ക്ഫൂട്ടിലേക്ക് വീണു. ഇന്ത്യ മുന്‍പില്‍ വെച്ച 228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 168 റണ്‍സിന് ഓള്‍ഔട്ടായി.

ന്യൂസിലൻഡിനെതിരെ 59 റൺസിന്റെ വിജയത്തോടെ ഇന്ത്യ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് തുടക്കമിട്ടു. 228 റൺസിന്റെ വിജയലക്ഷ്യം വെച്ചതിന് ശേഷം, ഇന്ത്യയുടെ ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സന്ദർശകർ അഞ്ച് പന്തുകൾ ശേഷിക്കെ 168 റൺസിന് പുറത്തായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് ലീഡ് നേടിയപ്പോൾ, ഇന്ത്യ 2024 ലെ വനിതാ ടി20 ലോകകപ്പ് തോൽവിക്കുള്ള പ്രതികാരം ആരംഭിച്ചു.