Good News

സ്കൂളിൽ പഠിക്കേണ്ട പ്രായത്തില്‍ സർവകലാശാല അധ്യാപിക; പതിനാറാം വയസിൽ ഞെട്ടിച്ച് ഷാനിയ

പതിനാറാം വയസിൽ സർവകലാശാല അധ്യാപിക. ഒക്‌ലഹോമ സ്വദേശിനിയായ ഷാനിയ മുഹമ്മദ് ഇതോടെ അമേരിക്കൻ സർവകലാശാലകളിൽ ഏറ്റവും പ്രായം കുറഞ്ഞ മുഴുവൻസമയ അധ്യാപിക എന്ന ഖ്യാതിയും കരസ്ഥമാക്കി. പതിനഞ്ചാം വയസിൽ ബിരുദം നേടിയ ഷാനിയ സര്‍വകലാശാലയില്‍നിന്നും ബിരുദംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയെന്ന പേരും സ്വന്തമാക്കി.

ഒക്‌ലഹോമയിലെ ലാങ്‌സ്റ്റൺ സർവകലാശാലയിൽ നിന്നാണ് മികച്ച മാർക്കോടെ ആർട്സില്‍ ഷാനിയ ബിരുദം നേടിയത്. യുവ പ്രതിഭ, എജ്യുക്കേറ്റർ, പബ്ലിക് സ്പീക്കർ, എഴുത്തുകാരി, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവൾ എന്നീ നിലകളിലെല്ലാം ഷാനിയ പ്രശസ്തയാണ്. വിദ്യാഭ്യാസത്തെക്കുറിച്ചും അതിലൂടെ എങ്ങനെ നേട്ടങ്ങള്‍ നേടിയെടുക്കാം എന്നതിനെക്കുറിച്ചും നിരന്തരം സംസാരിക്കുന്നയാളാണ് ഷാനിയ.

നന്നെ ചെറുപ്പത്തിൽത്തന്നെ നേരത്തെ കോളജിൽ പ്രവേശനം നേടുന്നതിനെ കുറിച്ചും ബിരുദം പൂർത്തിയാക്കുന്നതിനെക്കുറിച്ചും അവൾ ആലോചിച്ചിരുന്നുവെന്നും, എട്ടാം വയസിൽത്തന്നെ ഇക്കാര്യം വീട്ടുകാരുമായി സംസാരിച്ചിരുന്നു എന്നുമാണ് ഷാനിയ പറയുന്നത്. യുഎസിലെ കുട്ടികൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കോളജ് പ്രവേശത്തിനായി തയ്യാറെടുപ്പ് തുടങ്ങുന്നത്. മിക്ക കുട്ടികളും മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ ഹൈസ്കൂൾ പൂർത്തിയാക്കിയ ഷാനിയ 13 വയസിൽ ലാങ്സ്റ്റൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടുകയും ചെയ്തു.