വെസ്റ്റിന്‍ഡീസ് ബൗളര്‍ ഷമര്‍ ജോസഫിന് ഇതിനേക്കാള്‍ മികച്ച ഒരു ടെസ്റ്റ് അരങ്ങേറ്റം ഉണ്ടാകില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന 23-ാമത്തെ ബൗളറായി ഷമര്‍ ജോസഫ് മാറി. അതും ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സൂപ്പര്‍താരവുമായ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ്.
പേസര്‍ ടൈറല്‍ ജോണ്‍സണ് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ വെസ്റ്റ് ഇന്‍ഡീസ് താരമാണ് ജോസഫ്. 1939 ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെയാണ് ജോണ്‍സണ്‍ ഈ നേട്ടം കൈവരിച്ചത്. സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ കവേം ഹോഡ്ജ്, ഗ്രീവ്‌സ് എന്നിവരെ കൂടാതെ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയ മൂന്ന് അരങ്ങേറ്റക്കാരില്‍ ഒരാളായിരുന്നു ജോസഫ്.
ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ ഒമ്പതാം ഓവറില്‍ ജോസഫിന് പന്ത് നല്‍കിയപ്പോഴാണ് അദ്ദേഹം ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ പേര് എഴുതിയത്. ടെസ്റ്റില്‍ ആദ്യമായി ഓപ്പണറായ സ്റ്റീവ് സ്മിത്തിനെ മൂന്നാം സ്ലിപ്പില്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് മികച്ച ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് എയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജോസഫ് ഒരു മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍ഷിപ്പില്‍ വിന്‍ഡ്വാര്‍ഡ് ദ്വീപുകള്‍ക്കെതിരായ മത്സരത്തില്‍ ഗയാനയ്ക്കായി ആറ് വിക്കറ്റുകള്‍ നേടി. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 12 വിക്കറ്റുകള്‍ താരം നേടിയിരുന്നു. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിന് ഇറക്കിയിരുന്നു. ജോഷ് ഹേസല്‍ വുഡും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നാല് വിക്കറ്റ് വീതം വീഴ്ത്തിയതോടെ സന്ദര്‍ശകര്‍ 188 റണ്‍സിന് ഓള്‍ ഔട്ടായി.