പാട്ടുകാരിക്ക് ഒന്നിനുപുറകേ ഒന്നായി ഒഴിയാബാധകള്‍ പോലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സ്‌പെയിനില്‍ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പിന്നാലെ താരത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഒരു നര്‍ത്തകിയും രംഗത്ത് വന്നു. നടി തന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന നര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരോടും കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടും മോശമായി പെരുമാറുന്നയാളാണെന്ന് ആരോപണം ഉയര്‍ത്തി ജെന്നി ഗാര്‍സിയ എന്ന നര്‍ത്തകിയാണ് രംഗത്ത് വന്നിരിക്കുന്നത്.
ഷക്കീറയ്‌ക്കൊപ്പം 12 പരിപാടികളില്‍ പങ്കെടുത്ത താരമായ തനിക്ക് ഒരു രൂപ പോലും ഷക്കീറ പ്രതിഫലം തന്നില്ലെന്നാണ് ആരോപണം. പ്രതിഫലം കിട്ടാതെയും താന്‍ താരത്തിനൊപ്പം പ്രവര്‍ത്തിച്ചേനെ. എന്നാല്‍ തങ്ങളെ വെറും സംഘനൃത്തക്കാര്‍ എന്ന നിലയില്‍ മാത്രമാണ് താരം കാണുന്നതെന്നും തന്റെ തൊഴിലാളികളോട് ഷക്കീറയ്ക്ക് സ്‌നേഹമോ സഹാനുഭൂതിയോ പരിഗണനയോ തീരെയില്ലെന്നും പറഞ്ഞു.
ഒരിക്കല്‍ ഞാന്‍ ടോപ്പ്‌ലെസ്സായിരിക്കുമ്പോള്‍ അവര്‍ എന്നെ ഡ്രസ്സിംഗ് റൂമില്‍ നിന്നും എന്നെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. അവരുടെ ബാത്ത്‌റൂം മോശമായ അവസ്ഥയില്‍ ആയിരുന്നതിനാല്‍ ഗായിക പോയത് തങ്ങളുടെ ബാത്ത്‌റൂമില്‍ ആയിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ഒടുവില്‍ ഞാന്‍ സെക്യൂരിറ്റിയുമായി സംസാരിച്ചാണ് അകത്തേക്ക് കടത്തിവിടാന്‍ അവസരം ഉണ്ടാക്കിയത്. എന്നാല്‍ പുറത്തുവന്ന ഷക്കീറ ഒരു നന്ദിവാക്കു പോലും തന്നോട് പറഞ്ഞില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. സംഗീത മേഖലയിലെ മറ്റ് നിരവധി മികച്ച ഐക്കണുകള്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരാരും ഷക്കീറയെപ്പോലെ പെരുമാറിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അത്തരം നിരവധി കാര്യങ്ങള്‍ കാരണം, ഇപ്പോള്‍ മുഖാമുഖം കണ്ടാല്‍ പോലും മുഖം തിരിച്ചുപോകുന്ന രീതിയില്‍ തനിക്ക് അവളോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായും ‘ഗാര്‍സിയ പറഞ്ഞു. അതേസമയം ഷക്കീറ ഈ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്പാനിഷ് സര്‍ക്കാര്‍ രണ്ടാം തവണയും നികുതി വെട്ടിപ്പ് നടത്തിയതിന് പോപ്പ് താരത്തിനെതിരെ കേസെടുത്തു. 2018 ല്‍ 7 മില്യണ്‍ ഡോളറിലധികം ഷക്കീറ സംസ്ഥാനത്തെ വഞ്ചിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് അടുത്ത കേസും.




