Movie News

‘എന്റെ പ്രിയപ്പെട്ട പൊന്നു അമ്മയോടൊപ്പം’; കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പമുള്ള ചിത്രവുമായി ഷാജി കൈലാസ്

കവിയൂര്‍ പൊന്നമ്മയെ മലയാളികള്‍ കാണുന്നത് തങ്ങളുടെ സ്വന്തം അമ്മയായിട്ടാണ്. നായികയാകേണ്ട പ്രായത്തില്‍ തന്നെ അമ്മയായി അഭിനയിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം അമ്മയായി വേഷമിട്ടിട്ടുണ്ട്. നാടകത്തില്‍ നിന്നുമാണ് കവിയൂര്‍ പൊന്നമ്മ സിനിമയിലെത്തുന്നത്. തുടക്കകാലത്ത് തന്നെ അമ്മ വേഷങ്ങളില്‍ തിളങ്ങി. ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിയ്ക്കുകയാണ് കവിയൂര്‍ പൊന്നമ്മ.

മലയാള സിനിമയുടെ അമ്മയെ സന്ദര്‍ശിച്ച സന്തോഷം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഭാര്യ ആനിയ്‌ക്കൊപ്പമാണ് ഷാജി കൈലാസ് കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ചത്. ‘എന്റെ പ്രിയപ്പെട്ട പൊന്നു അമ്മയോടൊപ്പം വിലപ്പെട്ട സമയം ചിലവഴിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവും ഉള്ള നിമിഷങ്ങള്‍. സര്‍വ്വശക്തന്‍ എന്റെ പൊന്‍ അമ്മയ്ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെ,’ – ചിത്രം പങ്കുവെച്ചു കൊണ്ട് ഷാജി കൈലാസ് കുറിച്ചു.

അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്  പൊന്നമ്മ ഇപ്പോള്‍. 2021-ല്‍ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്. മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അഭിനേത്രിയാണ് കവിയൂര്‍ പൊന്നമ്മ.