ലൈംഗിക പീഡനക്കേസിൽ കസ്റ്റഡിയിൽ ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും തിരുവല്ല ക്ലബ് 7 ഹോട്ടലിലാണ് രാഹുലുമായി തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പ് 15 മിനിറ്റ് നീണ്ടുനിന്നു. കനത്ത സുരക്ഷയിലായിരുന്നു രാവിലെ ആറരയോടെ തെളിവെടുപ്പ്. രാഹുലിനെ തിരികെ പത്തനംതിട്ട എ.ആര്‍.ക്യാംപിലേക്ക് കൊണ്ടുപോയി.
ഹോട്ടലിൽ വന്ന കാര്യം സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 408 നമ്പർ റൂമും തിരിച്ചറിഞ്ഞു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ. പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടിയില്ല. രാഹുൽ ബി.ആര്‍. എന്ന റജിസ്റ്ററിലെ പേരും നിർണായക തെളിവെന്ന് പ്രത്യേക അന്വേഷണം സംഘം.
കേസിൽ നിർണായകമാകുന്ന ഡിജിറ്റൽ ഡിവൈസുകൾ കണ്ടെത്തേണ്ടതുണ്ട്. മൊബൈൽ ഫോൺ, ലാപ് ടോപ്പ് എന്നവി കണ്ടെത്തണം. ഹോട്ടൽ ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കും. അതേസമയം പത്തനംതിട്ട എആർ ക്യാമ്പിൽ ഉള്ള പ്രതിയെ രണ്ടാം ദിനമായ ഇന്നും വിശദമായി ചോദ്യം ചെയ്യും.
യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. രാഹുലിന്റെ അടൂരിലെ വീട്ടിലും പാലക്കാടും തെളിവെടുപ്പ് നടക്കും.
അതേസമയം രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ല. മൂന്നുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കേസിന് രാഷ്ട്രീയ ലക്ഷ്യമെന്നും നിയമനടപടി പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എംഎൽഎയെ കൊണ്ട് നടന്ന് പ്രദർശിപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമമെന്നും പ്രതിഭാഗംവാദിച്ചു. വാദം തള്ളിയ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്താനുണ്ടെന്ന എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ച് പ്രതിയെ മൂന്നുദിവസം കസ്റ്റഡിയിൽ വിട്ടു.
പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച രാഹുൽ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. പാലക്കാടും അടൂരിലെ രാഹുലിന്റെ വീട്ടിലും തെളിവെടുപ്പ് നടത്താനാണ് നീക്കം. ജാമ്യാപേക്ഷ തിരുവല്ല കോടതി വെള്ളിയാഴ്ച പരിഗണിക്കും.




