Sports

ബെല്‍ജിയം സ്വീഡന്‍ മത്സരത്തിനിടയില്‍ ഭീകരാക്രമണം; രണ്ടുപേര്‍ വെടിയേറ്റു മരിച്ചതോടെ കളി പകുതിയ്ക്കുവച്ച് ഉപേക്ഷിച്ചു

യൂറോപ്യന്‍ യോഗ്യതാ മത്സരത്തിനിടയില്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ടു പേര്‍ വെടിയേറ്റു മരിച്ചു ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ തിങ്കളാഴ്ച വൈകുന്നേരം ബെല്‍ജിയവും സ്വീഡനും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം.

ഐഎസില്‍ അംഗമാണെന്ന് അവകാശപ്പെട്ട് ഒരു തോക്കുധാരി ആരാധകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ മത്സരം പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അനേകം കളിക്കാര്‍ ഈ സമയത്ത് ഇരു ടീമുകളിലുമായി ഉണ്ടായിരുന്നു. കുറ്റവാളിയെ ഇനിയും പിടികൂടാനായിട്ടില്ല. ഗ്രൗണ്ട് പൂട്ടിയിട്ടതിനെ തുടര്‍ന്ന് അനേകം ആരാധകരും കളിക്കാരും ഗ്രൗണ്ടില്‍ കുടുങ്ങിപ്പോയി.

ടോട്ടന്‍ഹാമിന്റെ ഡെജന്‍ കുലുസെവ്സ്‌കി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിക്ടര്‍ ലിന്‍ഡലോഫ്, ആസ്റ്റണ്‍ വില്ലയുടെ യൂറി ടൈല്‍മാന്‍സ് എന്നിവരെല്ലാം കളിക്കളത്തില്‍ ഉണ്ടായിരുന്നു. കിംഗ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ വിക്ടര്‍ ഗ്യോകെറസ് ആദ്യ പകുതിയില്‍ സ്വീഡന് ലീഡ് നല്‍കിയിരുന്നു. റൊമേലു ലുക്കാക്കു പെനാല്‍റ്റിയില്‍ നിന്ന് ബെല്‍ജിയത്തിന് സമനില നേടി. ഇതിനിടയിലായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്.

രണ്ടാം പകുതിയില്‍ കളിക്കാര്‍ ഡ്രസ്സിംഗ് റൂം വിട്ട് പുറത്തിറങ്ങാന്‍ വിസമ്മതിച്ചതോടെ കളി പാതി സമയത്ത് ഉപേക്ഷിച്ചു. ഇന്ന് വൈകുന്നേരം ബ്രസല്‍സില്‍ നടന്ന ഒരു ഭീകരാക്രമണത്തെ തുടര്‍ന്ന്, രണ്ട് ടീമുകളുമായും പ്രാദേശിക പോലീസ് അധികാരികളുമായും കൂടിയാലോചിച്ച ശേഷം, ബെല്‍ജിയവും സ്വീഡനും തമ്മിലുള്ള യുവേഫ യൂറോ 2024 യോഗ്യതാ മത്സരം ഉപേക്ഷിച്ചെന്ന് യുവേഫാ കുറിച്ചു.