Celebrity

അതിസുന്ദരിയായി സെലീന: ഈ വസ്ത്രം നിങ്ങളെ എന്തെങ്കിലും ഓര്‍മപ്പെടുത്തുന്നുണ്ടോ?

റെയര്‍ ഇംപാക്ട് ഫണ്ട് ഗാലയില്‍ പങ്കെടുത്ത സെലീന ഗോമസാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. മനംമയക്കുന്ന പര്‍പ്പിള്‍ ഐറിസ് വസ്ത്രമായിരുന്നു സെലീന ധരിച്ചിരുന്നത്. ലോസാഞ്ചലസില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ മിശ്ര കോച്ചറുടെ വസ്ത്രത്തില്‍ എത്തിയ സെലീന ആരാധകരെ യഥാര്‍ഥത്തില്‍ അമ്പരപ്പിച്ചു കളഞ്ഞു.

മനീഷ് മല്‍ഹോത്ര, സബ്യസാചി, ഗൗരവ് ഗുപ്ത എന്നിങ്ങനെ ഇന്ത്യയിലെ ഡിസൈനര്‍മാര്‍ ആഗോളതലത്തില്‍ ശ്രദ്ധയാര്‍ജിച്ച് കഴിഞ്ഞവരാണ്. ആ കൂട്ടത്തില്‍ രാഹുല്‍ മിശ്രയുടെ സ്ഥാനം അല്‍പ്പം സ്‌പെഷ്യലാണ്. പാരീസ് ഫാഷന്‍ വീക്കിലും രാഹുല്‍ തന്റെ വിസ്മയിപ്പിക്കുന്ന ശേഖരം പ്രദര്‍ശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ക്കായും രാഹുല്‍ മിശ്ര ഡിസൈനുകള്‍ തയാറാക്കി നല്‍കാറുണ്ട്.

രാഹുല്‍ മിശ്രയുടെ കോച്ചര്‍ ഫാള്‍ 2023 ശേഖരത്തില്‍ നിന്ന് അമേത്തിസ്റ്റ് പര്‍പ്പിള്‍ ഐറിസ് വസ്ത്രമാണ് സെലീന തിരഞ്ഞെടുത്തത്. ഐറിസ് പുഷ്പത്തിന്റെ അതിലോലമായ ദളങ്ങളെ മനോഹരമായി അനുകരിക്കുന്നതാണ് വസ്ത്രത്തിന്റെ ഡിസൈന്‍. ഓഫ് ദി ഷോള്‍ഡര്‍ നെക്ക്‌ലൈനും ഹാന്‍ഡ് എംബ്രോയിഡറിയും ഗൗണിന്റെ സവിശേഷതയാണ്. വസ്ത്രത്തിന് 18 ഇതളുകളാണ് ഉള്ളത്. സ്വീകന്‍സ്, ത്രെഡ്, ഗ്ലാസ് മുത്തുകള്‍, ബ്യൂഗിള്‍ ബീഡുകള്‍, സില്‍വര്‍ സരി എന്നിവയും വസ്ത്രത്തില്‍ ഉള്‍പ്പെടുന്നു.

അവര്‍ ധരിച്ച മെറ്റലിക്ക് ലൈലാക്ക് ഹീല്‍ ചെരുപ്പുകളും ജോമട്രിക്ക് ഡിൈസനുള്ള കമ്മലുകളും വസ്ത്രത്തിന്റെ ആകര്‍ഷണീയത കൂട്ടി. ന്യൂഡ് ഐഷാഡോയും മസ്‌ക്കാരയും കണ്ണുകളുടെ ഭംഗി വര്‍ധിപ്പിച്ചു. ബ്ലാഷ് സെലീനയെ കൂടുതല്‍ മനോഹരിയാക്കി. ഒപ്പം ഗ്ലോസി ന്യൂഡ് ലിപ്‌സ്റ്റിക്കും അവര്‍ ധരിച്ചു. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈയിലിസ്റ്റായ മരിസ മരിനോ ആയിരുന്നു സെലീനയുടെ മുടിയുടെ ഭംഗി വര്‍ധിപ്പിച്ചത്.