Travel

കൊണാര്‍ക്കിലെ മാന്ത്രിക സൂര്യോദയം കണ്ടിട്ടുണ്ടോ? അത്ഭുതങ്ങളുടെ എട്ട് നൂറ്റാണ്ടുകളുമായി സൂര്യക്ഷേത്രം

കൊണാര്‍ക്കില്‍ സൂര്യക്ഷേത്രം സന്ദര്‍ശിക്കാനുള്ള സമയവും ഫോട്ടോഗ്രാഫിക്ക് ഏറ്റവും അനുയോജ്യമായ സമയവും ഇപ്പോഴും സൂര്യോദയത്തിന്റേതാണ്. ക്ഷേത്രത്തിന്റെ മുഖം കിഴക്കോട്ടാണ്. ക്ഷേത്രത്തിലെ പ്രവേശന കവാടത്തിലൂടെ സൂര്യന്റെ ആദ്യ കിരണങ്ങള്‍ അരിച്ചിറങ്ങുമ്പോള്‍ ആ കിരണങ്ങള്‍ അതിശയകരമായ ഒരു ചിത്രമാണ് ക്ഷേത്രത്തില്‍ സൃഷ്ടിക്കുന്നത്. സൂര്യന്റെ ദിവ്യശക്തിയുടെ ഏറ്റവും ശക്തമായ പ്രതീകങ്ങളിലൊന്നായി എട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടും നില്‍ക്കുകയാണ് ഒഡീഷയിലെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രം.

1984-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായി അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ക്ഷേത്രങ്ങളിലൊന്നാണ് സൂര്യക്ഷേത്രം. 1250-ല്‍ പൂര്‍ത്തിയായ ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നിയന്ത്രിക്കുന്ന പല സ്മാരകങ്ങളെയും പോലെ, രാവിലെ 6 മണിക്ക് സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. കൊണാര്‍ക്ക് യഥാര്‍ത്ഥത്തില്‍ കോണയുടെയും (കോണിന്റെയും) അര്‍ക്കയുടെയും (സൂര്യന്‍) സംഗമവേദിയാണ്. സൂര്യന്റെ ആദ്യ കിരണങ്ങള്‍ ക്ഷേത്രത്തിലെത്തും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കലിംഗ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമായ ക്ഷേത്രം നരസിംഹ ദേവ ഒന്നാമന്റെ പേരിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ക്ഷേത്രത്തിന് 200 അടിയിലധികം ഉയരമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ നാവികരുടെ വിവരണങ്ങളില്‍ ഇതിന് ‘ബ്ലാക്ക് പഗോഡ’ എന്നാണ് പരാമര്‍ശം. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ആരംഭിച്ച് ഇന്നും തുടരുന്ന ഇന്ത്യയിലെ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ മഹത്തായ വിജയഗാഥകളില്‍ ഒന്നാണിത്. ക്ഷേത്രത്തിലെ പുനരുദ്ധാരണവും സംരക്ഷണ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു;

ചക്രങ്ങളും കുതിരകളും നിറഞ്ഞ ഉയര്‍ന്ന രഥത്തിന്റെ രൂപമാണ് ക്ഷേത്ര സമുച്ചയത്തിനുള്ളത്. കൊണാര്‍ക്ക് ചക്രം ഇന്ത്യന്‍ ജനപ്രിയ സംസ്‌കാരത്തില്‍ അനശ്വരമാണ്, കൂടാതെ ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള പത്ത് രൂപയുടെ ഇന്ത്യന്‍ നോട്ടിന്റെ മറുവശത്തും ക്ഷേത്രത്തിന്റെ ചിത്രമുണ്ട്. ക്ഷേത്രത്തില്‍ ആകെ 24 ചക്രങ്ങളുണ്ട്, അവ സൂര്യരശ്മികളുടെ (സണ്‍ ഡയലുകള്‍) ആകൃതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഈ സണ്‍ ഡയലുകള്‍ ഉപയോഗിച്ച് സമയം എങ്ങനെ പറയാമെന്ന് മിക്ക പ്രാദേശിക ഗൈഡുകള്‍ക്കും വിശദീകരിക്കാനാകും. ചക്രങ്ങളും ക്ഷേത്രത്തിന്റെ ബാക്കി ഭാഗങ്ങളും പുരാണ കഥകളി​ലെ വിവധ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സങ്കീര്‍ണ്ണമായ കൊത്തുപണികള്‍ ഉള്‍ക്കൊള്ളുന്നു.

പുലര്‍ച്ചെ ക്ഷേത്രത്തില്‍ ഒരു അനിഷേധ്യമായ ഊര്‍ജ്ജമുണ്ടെന്ന് കരുതപ്പെടുന്നു. നിര്‍മ്മിച്ച് ഏകദേശം എട്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും സൂര്യനെ പിന്തുടരുന്ന പുതിയ തലമുറയിലെ പര്യവേക്ഷകരെ പ്രചോദിപ്പിക്കുകയാണ് ഈ അത്ഭുതം.