ഇരുമ്പു ചീനച്ചട്ടിയിൽ പാചകം ചെയ്യുന്ന വിഭവങ്ങൾക്ക് രുചിയേറുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പുതിയതായി ഇരുമ്പു ചീനച്ചട്ടി വാങ്ങിയാൽ ഉടനെ തന്നെ അടുക്കളയില്‍ ഉപയോഗിക്കാൻ പറ്റില്ല. ഇതിന് ഇരുമ്പ് പാത്രം മയക്കി എടുക്കുക എന്നാണ് പറയുന്നത്. എന്നാലേ വിഭവങ്ങൾ നന്നായി പാചകം ചെയ്യാന്‍ പറ്റുകയുള്ളൂ.
ഇരുമ്പ് പാത്രം എങ്ങനെ എളുപ്പത്തിൽ മയക്കി എടുക്കമെന്ന് നോക്കാം. ആദ്യം ഇരുമ്പ് പാത്രം ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് കഴുകണം. തുടർന്ന് പാത്രത്തിൽ കുറച്ച് ബേക്കിങ് സോഡ ചേർത്ത് പകുതി നാരങ്ങയുടെ നീരും ചേർത്തു യോജിപ്പിക്കുക. പാത്രത്തിന്റെ ഇരുവശത്തും നാരങ്ങ തൊലി ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകുക. ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. പിന്നീട് പാത്രത്തിലെ വെള്ളം തുടച്ചു കളയണം.
ഇനി പാത്രം അടുപ്പിൽ വയ്ക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും എണ്ണയിൽ കുറച്ച് സവാള നല്ല പോലെ കറുപ്പാകുന്നതുവരെ വഴറ്റുക. സ്റ്റൗ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക. നന്നായി തണുത്ത് കഴിഞ്ഞാൽ വറുത്ത എണ്ണയും സവാളയും പാത്രത്തിൽ നിന്നും മാറ്റുക. .ടിഷ്യു അല്ലെങ്കിൽ വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് അധിക എണ്ണ തുടച്ചു കളയുക. ദാ… പാത്രം പാചകത്തിന് തയാര്‍.




