ഇന്ത്യയിലെ തന്നെ ഏറ്റവും ലോ കോസ്റ്റ് എയർലൈൻസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ വളരെ അപ്രതീക്ഷിതമായി കയറിയ ഒരു സ്കോട്ടിഷ് യുവാവ് പങ്കുവെച്ച എയർലൈൻസിലെ മനോഹരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘ഹ്യൂ എബ്രോഡ്’ എന്ന ഇൻസ്റ്റാഗ്രാം പേരിൽ അറിയപ്പെടുന്ന ഹ്യൂ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയിലുടനീളം വ്യാപകമായി യാത്ര ചെയ്യുകയായിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ, കേരളം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളാണ് അദ്ദേഹം ഇതിനോടകം സന്ദർശിച്ചത്.
രണ്ട് ദിവസം മുൻപാണ്, ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തപ്പോഴുള്ള തന്റെ അനുഭവത്തെക്കുറിച്ച് ഹ്യൂ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കിട്ടത്. ഇന്ത്യയിലെ ഏറ്റവും മോശം റേറ്റിംഗ് ഉള്ള എയർലൈൻ എന്നാണ് അദ്ദേഹം ആദ്യം ലോ കോസ്റ്റ് എയർലൈനിനെ വിശേഷിപ്പിച്ചത്.
2024 ലെ എയർഹെൽപ്പ് സ്‌കോർ റിപ്പോർട്ടിൽ “ലോകത്തിലെ ഏറ്റവും മോശം എയർലൈനുകളിൽ” ഇൻഡിഗോ ഇടം നേടിയിരുന്നു. 109 എണ്ണത്തിൽ 103-ാം സ്ഥാനത്തായിരുന്നു ഇൻഡിഗോ. എന്നിരുന്നാലും, ഇന്ത്യയിൽ നിന്നുള്ള സാമ്പിൾ സർവേ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇത് സർവേയുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ഇന്ത്യൻ എയർലൈൻ ഈ റിപ്പോർട്ട് നിരസിച്ചു.
സ്ട്രീറ്റ് ഫുഡ് വ്ലോഗറായ ഹ്യൂ, വലിയ പ്രതീക്ഷകളോടെയല്ല തൻ്റെ ഫ്ലൈറ്റ് ആരംഭിച്ചതെങ്കിലും യാത്രയുടെ അവസാനത്തോടെ ഹ്യൂവിന്റെ മനസ്സ് മാറുകയായിരുന്നു. തുടർന്ന്”ഇന്ത്യയിലെ ഏറ്റവും മോശം റേറ്റഡ് എയർലൈൻ” എന്ന അടിക്കുറിപ്പോടെയുള്ള തൻ്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ, ഇൻഡിഗോയിൽ യാത്ര ചെയ്ത അനുഭവം അദ്ദേഹം രേഖപ്പെടുത്തി.
വിമാനം കൃത്യസമയത്ത് എത്തിയതു കണ്ട് ആദ്യം സ്‌കോട്ട്‌ലൻഡുകാരൻ അത്ഭുതപ്പെട്ടു. അടുത്തതായി, ബസിനുപകരം യാത്രക്കാർ എയ്‌റോബ്രിഡ്ജ് ഉപയോഗിച്ച് കയറുന്നത് കണ്ടപ്പോൾ അദ്ദേഹം കൂടുതൽ ആശ്ചര്യപ്പെട്ടു. “സാധാരണയായി ഈ വിലകുറഞ്ഞ എയർലൈനുകളിൽ നിങ്ങൾ ടാർമാക്കിൽ പോകുകയും വിമാനത്തിന്റെ പടികൾ കയറുകയും വേണം. എന്നാൽ ഇവിടെ എയ്‌റോബ്രിഡ്ജുണ്ട്. അതിനാൽ ഇൻഡിഗോയ്ക്ക് മറ്റൊരു തംബ്സ് അപ്പ്,” അദ്ദേഹം പറഞ്ഞു.
വിമാനത്തിനകം വൃത്തിയുള്ളതും സീറ്റുകൾ സുഖകരവുമായതിനാൽ പരാതിപ്പെടാൻ ഒന്നും കണ്ടെത്തിയില്ല. “സ്‌പോട്ട്‌ലെസ്സ്. റിയലി, റിയലി ക്ലീൻ”, ആവശ്യത്തിന് ലെഗ് റൂമും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിലെ സീറ്റുകൾ സുഖകരമാണെന്നും “ചിക്കൻ ജംഗ്ലീ സാൻഡ്‌വിച്ച്” ഫ്രഷ് ആണെന്നും ഹ്യൂ പറഞ്ഞു. ജോലിക്കാർ ഇംഗ്ലീഷ് സംസാരിക്കുകയും മാന്യമായി പെരുമാറുകയും അദ്ദേഹം ആവശ്യപ്പെട്ട പാനീയം -എ കോക്ക് സീറോ നൽകുകയും ചെയ്തു.
എന്തുകൊണ്ടാണ് ഇതിനെ ഇന്ത്യയിലെ ഏറ്റവും മോശം എയർലൈൻ എന്ന് റേറ്റുചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” അദ്ദേഹം പറഞ്ഞു. “സ്റ്റാഫ് ആർ ലൗലി. എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നു, ഇതുവരെ, എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ബജറ്റ് എയർലൈൻ അനുഭവമാണിത്. ഒന്നും തെറ്റിയിട്ടില്ല,” സ്കോട്ടിഷ് ടൂറിസ്റ്റ് പറഞ്ഞു.
ഹ്യൂവിന്റെ വീഡിയോ ഓൺലൈനിൽ വൈറലായതോടെ, നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയത്.