ലഖ്‌നൗവിൽ സിസേറിയന് വിധേയായ സ്ത്രീയുടെ വയറ്റിൽ കുടുങ്ങിയ കത്രിക 17 വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
2008 ഫെബ്രുവരി 28-ന് ‘ഷീ മെഡിക്കൽ കെയർ’ നഴ്‌സിംഗ് ഹോമിൽ വെച്ചാണ് സന്ധ്യ പാണ്ഡെ എന്ന യുവതി സി-സെക്ഷൻ വഴി ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് തുടർച്ചയായ വയറുവേദന അനുഭവപ്പെട്ടിരുന്നതായി ഭർത്താവ് അരവിന്ദ് കുമാർ പാണ്ഡെ നൽകിയ പോലീസ് പരാതിയിൽ പറയുന്നു.
പല ഡോക്ടർമാരുടെ അടുത്ത് പരിശോധന നടത്തിയിട്ടും യുവതിയുടെ സ്ഥിതിക്ക് മാറ്റം ഒന്നും ഉണ്ടായില്ല. തുടർന്ന് അടുത്തിടെ ലഖ്‌നൗ മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ മൂല്യനിർണയത്തിനിടെ സന്ധ്യ പാണ്ഡെ എക്സ്-റേയ്ക്ക് വിധേയയായപ്പോഴാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. എക്‌സ്‌റേയിൽ യുവതിയുടെ വയറിനുള്ളിൽ ഒരു ജോഡി കത്രികയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
തുടർന്ന്, അവളെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (കെജിഎംയു) പ്രവേശിപ്പിക്കുകയും മാർച്ച് 26 ന് കത്രിക നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക നീക്കം ചെയ്തതായും രോഗിയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചതായും കെജിഎംയു വക്താവ് സുധീർ സിംഗ് സ്ഥിരീകരിച്ചു.
പ്രാഥമിക ശസ്‌ത്രക്രിയ നടത്തിയ ഡോ. പുഷ്പ ജയ്‌സ്‌വാളിനെ അശ്രദ്ധയ്‌ക്ക് ഉത്തരവാദിയാക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ഭർത്താവിന്റെ പരാതിയിൽ പറയുന്നു.