ഉമിനീര്‍ പരിശോധനയിലൂടെ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തിരിച്ചറിയാന്‍ കഴിയുമെന്നു ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പുരുഷന്മാരുടെ ഡി.എന്‍.എയില്‍ 130 ജനിതകമാറ്റങ്ങള്‍ തിരിച്ചറിഞ്ഞാണു പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത കണ്ടെത്തുന്നത്.
55- -69 വയസ് പ്രായമുള്ള പുരുഷന്മാരെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം നടന്നത്. ഇതില്‍ ബയോപ്‌സിയും എം.ആര്‍.ഐ. സ്‌കാനും അടക്കമുള്ള പരിശോധനകളാണ് തുടക്കത്തില്‍ നടത്തിയത്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത തോന്നിയ 745 പുരുഷന്മാരില്‍ 468 പേരെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയരാക്കി. അവരില്‍ 187 പേര്‍ക്ക് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടെത്തി. 103 പേര്‍ക്കുണ്ടായിരുന്നത് അപകടസാധ്യതയുള്ള ട്യൂമറുകളായിരുന്നു, ഇവയില്‍ 74 എണ്ണം നിലവിലെ പരിശോധനകള്‍ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയുമായിരുന്നില്ല .
യു.കെയില്‍ എല്ലവര്‍ഷവും 12,000 പുരുഷന്മാര്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ മൂലം മരിക്കുന്നതായാണു കണക്കുകള്‍ പറയുന്നത്. രക്തത്തിലെ പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്റെ (പി.എസ്.എ) അളവ് പരിശോധിക്കുന്ന നിലവിലെ പരിശോധന ഫലപ്രദമല്ലെന്നു വാദിക്കുന്നവരുമുണ്ട്.
പുതിയ ഉമിനീര്‍ പരിശോധന ശരീരത്തിനുള്ളില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നില്ല. പകരം ഇതു പുരുഷന്മാരുടെ ഡി.എന്‍.എയില്‍ 130 മ്യൂട്ടേഷനുകള്‍ തിരയുന്നു, ക്യാന്‍സര്‍ സാധ്യതയുള്ള പുരുഷന്മാരെ തിരിച്ചറിയാനും അനാവശ്യ ചികിത്സകളില്‍നിന്ന് കുറഞ്ഞ അപകടസാധ്യതയുള്ള പുരുഷന്മാരെ ഒഴിവാക്കാനും പുതിയ പരിശോധനാ രീതിയിലൂടെ കഴിയുമെന്നു ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസേര്‍ച്ചിലെ പ്രഫ. റോസ് ഈലെസ് പറഞ്ഞു. ഗവേഷണ ഘട്ടത്തില്‍ തന്നെ രണ്ട് രോഗികളെ തിരിച്ചറിയാനും അവരുടെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞെന്നു ഗവേഷകര്‍ അവകാശപ്പെട്ടു.




