ദക്ഷിണാഫ്രിക്കയുടെ പാര്‍ലമെന്റും പ്രസിഡന്റിന്റെ ആസ്ഥാനമന്ദരവും അടങ്ങുന്ന പ്രിട്ടേറിയയിലെ യൂണിയന്‍ ബില്‍ഡിങ്‌സ് വളപ്പില്‍ സമരത്തിന്റെ ഭാഗമായി കൂടാരമടിച്ചു താമസിച്ചുവന്ന ഖൊയ്‌സാന്‍ രാജാവിനെയും കൂട്ടാളികളെയും ദക്ഷിണാഫ്രിക്കൻ അധികൃതര്‍ പുറത്താക്കി.
ഇവിടെ ഖൊയ്‌സാന്‍ ഗോത്രങ്ങളിലെ അംഗങ്ങള്‍ സമരവുമായി താമസമാക്കിയട്ട് 6 വര്‍ഷമായി. എന്നാല്‍ ഇവരെ പുറത്താക്കാനായി ദക്ഷിണാഫ്രിക്കയിലെ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഡിസംബറിന് പുറപ്പെടുവിച്ച വിധിയനുസരിച്ചാണ് ഒഴിപ്പിച്ചതന്നും അധികൃതര്‍ വിശദീകരണം നല്‍കി.
ഖൊയ്‌സാന്‍ ഗോത്രമുണ്ടായത് ദക്ഷിണാഫ്രിക്കയിലെ ഖൊയ് ഖൊയ് , സാന്‍ എന്നീ ഗോത്രങ്ങള്‍ ചേര്‍ന്നാണ്. രാജ്യത്തെ ആദ്യത്തെ ജനതയെന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇപ്പോളാവട്ടെ ഇവരുടെ ഭാഷയും സംസ്‌കാരവും നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഇവര്‍ ദക്ഷിണാഫ്രിക്കയുടെ കൊളോണിയല്‍ കാലഘട്ടത്തിൽ യൂറോപ്യരില്‍ നിന്നും പിന്നീട് ജനാധിപത്യ കാലഘട്ടത്തില്‍ സര്‍ക്കാരില്‍ നിന്നും അവഗണനകള്‍ ഏറ്റുവാങ്ങിയിരുന്നുവെന്ന് നീരിക്ഷകര്‍ പറയുന്നു.
ഇവര്‍ക്ക് ഔഷധമൂല്യമുള്ള ചെടികളും സസ്യങ്ങളും കണ്ടെത്താനും അത് സംസ്‌കരിക്കുന്നതിനും കഴിവുണ്ട്.എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും വ്യവസായവത്കരണവും ഖൊയ്‌സാന്‍ ഗോത്രത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വന്‍ ആഘാതമുണ്ടാക്കുകയും ജനസംഖ്യ കുറയുകയും ചെയ്തിരുന്നു.
ഇവരുടെ ജനസംഖ്യ 3000ത്തില്‍ താഴെയാണ്. ഖൊയ്‌സാനുകള്‍ ജീവിച്ചിരുന്ന ഒരു ഗ്രാമത്തിലേക്ക് വ്യവസായ പദ്ധതി വരുന്നതിനെതിരെ ഇവര്‍ സമരം ചെയ്തിരുന്നു. ആദ്യഗോത്രമായി അവരെ അംഗീകരിക്കുന്നതടക്കം പല ഡിമാന്റുകളും മുന്നോട്ട് വെച്ചാണ് സമരം ചെയ്യുന്നത്.
ഖൊയ്‌സാന്‍ രാജാവ് 2022ല്‍ പോലീസ് പിടിയിലായിരുന്നു പാര്‍ലമെന്റിന്റെ വളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതിനായിരുന്നു അറസ്റ്റ്. ആ സമയത്ത് ഈ വാര്‍ത്തകൾ സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ദഗ്ഗ എന്നാണ് കഞ്ചാവ് ദക്ഷിണാഫ്രിക്കയില്‍ അറിയപ്പെടുന്നത്. തന്റെ കഞ്ചാവ് കൃഷി നശിപ്പിച്ചതിലൂടെ പോലീസ് വിനാശം ക്ഷണിച്ചുവരുത്തിയെന്നും യുദ്ധം പ്രഖ്യാപിക്കുന്നെന്നും ഖൊയ്‌സാന്‍ രാജാവ് ആഹ്വാനം ചെയ്തതിന് പിന്നാലെ പോലീസ് ഇദ്ദേഹത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോവിഡ് വ്യാപനം ശക്തമായിരിക്കെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് നിന്നു എന്നു തുടങ്ങിയ കുറ്റങ്ങളാണ് അന്ന് അദ്ദേഹത്തിനെതിരെ ചുമത്തിയത്. അറസ്റ്റിലായ രാജാവിനെ വിട്ടുകിട്ടാനായി ഖൊയ്‌സാന്‍ ഗോത്രവംശജര്‍ ഗോത്ര ആചാരങ്ങളും പ്രര്‍ത്ഥനകളും അന്ന് നടത്തിയിരുന്നു. ഖൊയ്‌സാന്‍ രാജാവിന്റെ ഭാര്യ കഴിഞ്ഞ മാസം അപകടത്തില്‍ മരിച്ചിരുന്നു.