The Origin Story

ശൈശവ വിവാഹ നിരോധനത്തിനു പിന്നിലെ പോരാളി, ഇന്ത്യയിലെ ആദ്യത്തെ ലേഡീഡോക്ടറും; രുഖ്മാബായിയുടെ ജീവിതം

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു കാലത്ത് സമൂഹത്തെ വെല്ലുവിളിക്കുകയും ശൈശവ വിവാഹം നിര്‍ത്താനുള്ള സുപ്രധാന നിയമത്തിലേക്ക് നയിക്കുകയും ചെയ്ത രുഖ്മാബായിയെ കുറിച്ച് കേട്ടിട്ടുണ്ടോ?

ഇന്ത്യാ ചരിത്രത്തില്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്ത ആദ്യത്തെ വനിത. ഒരു പക്ഷേ ഇന്ത്യയിലെ ആദ്യത്തെ ലേഡീഡോക്ടറായി മാറാനുള്ള നിയോഗം പ്രതിസന്ധികളെ വെല്ലുവിളിക്കാനുള്ള അവരുടെ കരുത്തിനെ സൂചിപ്പിക്കുന്നതാണ്.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ബാലവിവാഹത്തിന് ഇരയാകുകയും ചെയ്ത ഒരു കാലഘട്ടത്തില്‍, രുഖ്മാബായി റൗട്ട് സമൂഹത്തെ വെല്ലുവിളിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്തു. 11ാം വയസ്സില്‍ വിവാഹിതയായ രുഖ്മാബായി റാവുത്ത് നിലവിലെ സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിച്ചു.

വിവാഹമോചനത്തിനുള്ള അവളുടെ അവകാശത്തിനായി ചരിത്രപരമായ നിയമ പോരാട്ടം നടത്തി. അവളുടെ പോരാട്ടം ശൈശവ വിവാഹങ്ങള്‍ നിര്‍ത്തലാക്കുന്ന സുപ്രധാന നിയമത്തിലേക്ക് നയിക്കുക മാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍മാരില്‍ ഒരാളാകാനുള്ള വഴിയൊരുക്കുകയും ചെയ്തു.

ഒരു മറാത്തി കുടുംബത്തില്‍ ജനിച്ച അവര്‍ 11-ാം വയസ്സില്‍ ദാദാജി ഭിക്കാജി എന്ന 19 വയസ്സുകാരനെ വിവാഹം കഴിച്ചു. പിതാവ് ജനാര്‍ദന്‍ പാണ്ഡുരംഗിന്റെ മരണശേഷം അമ്മ ജയന്തിഭായി പുനര്‍വിവാഹം ചെയ്തത് പുരോഗമനവാദിയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും വൈദ്യനുമായ സഖാറാം അര്‍ജുനെയായിരുന്നു. രുഖ്മാബായി അവളുടെ രണ്ടാനച്ഛന്റെ ബന്ധുവിനെ വിവാഹം കഴിച്ചു.

അവര്‍ രുഖ്മാബായിയുടെ മാതൃവീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു. സ്ത്രീകള്‍ പരമ്പരാഗതമായി വിവാഹം കഴിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസം മാറുന്ന പതിവില്‍ നിന്ന് രുഖ്മാഭായി വ്യതിചലിച്ചു. ഭര്‍ത്താവ് മോശം ജീവിതം നടത്തി വഴിപിഴച്ചു കടം കൂടിയപ്പോള്‍ രുഖ്മാബായി അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പം താമസിക്കാന്‍ വിസമ്മതിച്ചു.

ഭിക്കാജിക്കൊപ്പം ജീവിക്കേണ്ട എന്ന അവളുടെ തീരുമാനത്തെ അവളുടെ രണ്ടാനച്ഛന്‍ പിന്തുണച്ചു. ഇത് 1885-ലെ ദാദാജി ബിക്കാജി വേഴ്‌സസ് രുഖ്മാബായി കേസിലേക്ക് നയിച്ചു. ‘ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന്’ ഭിക്കാജി ആവശ്യപ്പെട്ടപ്പോള്‍, ഈ കേസില്‍ റൗട്ട് ‘നിസ്സഹായ ശൈശവാവസ്ഥയില്‍’ വിവാഹിതയായ ഒരു യുവതിയാണെന്നും അതിനാല്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് റോബര്‍ട്ട് ഹില്‍ പിന്‍ഹേ അഭിപ്രായപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹിന്ദു-ഇംഗ്ലീഷ് നിയമം, പുരാതന ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിച്ചുകൊണ്ട് 1887 മാര്‍ച്ച് 4-ലെ അന്തിമ വിധിയില്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ റൗത്തിനോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പകരം ആറ് മാസം തടവ് അനുഭവിക്കണം.

ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ ആറ് മാസം ജയിലില്‍ കിടക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ ധൈര്യത്തോടെ പറഞ്ഞു. ഒടുവില്‍ വിക്ടോറിയ രാജ്ഞി ഇടപെട്ട് കോടതിയുടെ ഉത്തരവ് റദ്ദാക്കിയതോടെ വിവാഹം വേര്‍പിരിഞ്ഞു. ഈ ചരിത്രപരമായ നിയമയുദ്ധം 1891-ലെ ഏജ് ഓഫ് കണ്‍സന്റ് ആക്ട് പ്രാബല്യത്തില്‍ വരുത്തുന്നതിലേക്കും നയിച്ചു.

രുഖ്മാബായി ഇനിഷ്യേറ്റീവിന്റെ വെബ്സൈറ്റ് അനുസരിച്ച്, വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം, രുഖ്മാബായി തന്റെ വിദ്യാഭ്യാസം തുടരുകയും വൈദ്യശാസ്ത്രത്തില്‍ ഒരു കരിയറായി സ്വീകരിക്കുകയും ചെയ്തു. 1889-ല്‍ അവള്‍ ഇംഗ്ലണ്ടില്‍ മെഡിസിന്‍ പഠിക്കാന്‍ കപ്പല്‍ കയറി. 1894-ല്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഫോര്‍ വുമണില്‍ (LSMW) നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ നേടി. റോയല്‍ ഫ്രീ ഹോസ്പിറ്റലിലും പഠിച്ചു. പിന്നീട് സൂറത്തിലെ വനിതാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചു.

Leave a Reply

Your email address will not be published. Required fields are marked *