Featured Oddly News

‘വിധായക്’ എന്ന ഈ പോത്തിന്റെ വില കേട്ടാല്‍ ഞെട്ടും, 8 കോടി ! ബീജത്തിന് വന്‍ ഡിമാൻഡ്, ഉടമ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

മീററ്റിലെ ഐഐഎംടി യൂണിവേഴ്സിറ്റിയിൽ നടന്ന കർഷകമേളയിലെ താരമായി മാറി ‘വിധായക്’ എന്ന മുറാ ഇനത്തിൽപ്പെട്ട പോത്ത്. ഹരിയാനക്കാര്‍ക്കിടയില്‍ കറുത്ത സ്വര്‍ണമെന്ന വിശേഷണത്തിലാണ് കറുപ്പിനഴകും ആകാരവും തലയെടുപ്പുമുള്ള മുറ (Murrah) ജനുസിൽപ്പെട്ട പോത്തുകളും എരുമകളും അറിയപ്പെടുന്നത്. 8 കോടി രൂപ വിലമതിക്കുന്ന ഈ പോത്തിനെ ഒരുനോക്ക് കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും സന്ദർശകർ കൂട്ടമായി എത്തി.

ഹരിയാനയിൽ നിന്നുള്ള പത്മശ്രീ അവാർഡ് ജേതാവായ നരേന്ദ്ര സിംഗാണ് വിധായകിന്റെ ഉടമ. . ഈ പോത്തിന്റെ മികച്ച പ്രജനന ഗുണം കാരണം ഇതിന്റെ ബീജത്തിന് വലിയ ഡിമാൻഡാണ്. ഇത് വിൽക്കുന്നതിലൂടെ അതിന്റെ ഉടമ പ്രതിവർഷം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.

മേളയുടെ ശ്രദ്ധാകേന്ദ്രമായി മാറിയതിലൂടെ ഈ പോത്തിനെ കാണാനെത്തിയ സന്ദർശകർ അതിന്റെ വലുപ്പത്തിലും വിലയിലും അത്ഭുതം പ്രകടിപ്പിക്കുകയും ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്യുന്ന കാഴ്ച കാണാമായിരുന്നു. വിധായക് ഒരു സാധാരണ പോത്തല്ല, മികച്ച ജനിതക ഗുണങ്ങൾ, ഉയർന്ന പാൽ ഉത്പാദന ശേഷി, കരുത്തുറ്റ ശരീരപ്രകൃതി എന്നിവയ്ക്ക് പേരുകേട്ട ശുദ്ധമായ മുറാ ഇനമാണിത്.

വിധായക്കിനെ വാങ്ങാൻ നിരവധി ആവശ്യക്കാർ എത്തിയിട്ടുണ്ടെങ്കിലും, വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിംഗ് ഉറച്ച നിലപാട് എടുത്തിരിക്കുകയാണ്. ബദാം, കശുവണ്ടി, നെയ്യ്, കടുകെണ്ണ, ദിവസേന 8-10 ലിറ്റർ പാൽ എന്നിവ ഉൾപ്പെടുന്ന പ്രീമിയം ഭക്ഷണക്രമമാണ് വിധായക്കിന് നൽകുന്നതെന്ന് സിംഗ് വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി തുടർച്ചയായി മേജർ കന്നുകാലി മത്സരങ്ങളിലെ ഓവറോൾ ചാമ്പ്യൻ പട്ടം നേടി വിധായക് തോൽവിയറിയാതെ മുന്നേറുകയാണ്.

കഴിഞ്ഞ വർഷം മീററ്റിലെ സർദാർ വല്ലഭായ് പട്ടേൽ കാർഷിക സർവകലാശാലയിൽ നടന്ന മത്സരത്തിൽ വിധായക് ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ പ്രദേശത്തുടനീളമുള്ള മികച്ച കന്നുകാലികളോട് മത്സരിച്ച് ശക്തിയും സാന്നിധ്യവും കൊണ്ട് മത്സരരംഗത്ത് ആധിപത്യം സ്ഥാപിച്ചു. മേള അവസാനിച്ചെങ്കിലും, വിനായക് ഇപ്പോഴും ചർച്ചാവിഷയമാണ്. പ്രദർശിപ്പിച്ച മറ്റ് കന്നുകാലികളിൽ ഒന്നിനും വിധായകിന്റെ പ്രശസ്തിയോ പ്രകടന മികവോ മറികടക്കാൻ കഴിഞ്ഞില്ല.

ഹരിയാനയുടെ അന്തസ് എന്ന ഖ്യാതിയും മുറ എരുമകള്‍ക്കും പോത്തുകള്‍ക്കും സ്വന്തമാണ്. മികച്ച തീറ്റ പരിവര്‍ത്തനശേഷി, ഉയര്‍ന്ന വളര്‍ച്ചാനിരക്ക്, രോഗപ്രതിരോധശേഷി, മികച്ച പ്രത്യുൽപാദനക്ഷമത, പാലുൽപാദനമികവ് എന്നിവയെല്ലാമാണ് മുറ പോത്തുകളെയും എരുമകളെയും മറ്റു മഹിഷ ജനുസുകളിൽനിന്ന് വേറിട്ടു നിര്‍ത്തുന്നത്.