Featured Lifestyle

ലേലം ഉറപ്പിച്ച 1.17 കോടി അടച്ചില്ല; റെക്കോര്‍ഡ് തുകയ്ക്ക് പോയ​ എച്ച്‌ആര്‍-88 8888 വീണ്ടും ലേലം ചെയ്യും

ന്യൂഡല്‍ഹി: വിലയേറിയ നമ്പര്‍ ‘എച്ച്‌ആര്‍ 88 ബി 8888’ വീണ്ടും ലേലത്തിന്‌. ഹരിയാന രജിസ്‌ട്രേഷനിലുള്ള എച്ച്‌ആര്‍88ബി8888 നമ്പര്‍ പ്ലേറ്റ്‌ കഴിഞ്ഞ ആഴ്‌ച 1.17 കോടി രൂപക്കാണു ലേലത്തില്‍പ്പോയത്‌. ലേലത്തുക നിശ്‌ചിത സമയപരിധിക്കുള്ളില്‍ അടയ്‌ക്കാത്തതാണു തിരിച്ചടിയായത്‌. റോമുലസ്‌ സൊല്യൂഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ്‌ കമ്പനിയുടെ ഡയറക്‌ടറായ സുധീര്‍ കുമാറാണ്‌ ‘എച്ച്‌ആര്‍88ബി8888’ എന്ന വി.ഐ.പി നമ്പര്‍ 1.17 കോടി രൂപക്ക്‌ സ്വന്തമാക്കാന്‍ ലേലം വിളിച്ചത്‌.

പണം അടക്കേണ്ട അവസാന തീയതി ഇന്നലെ ഉച്ചയ്‌ക്ക്‌ 12ന്‌ അവസാനിച്ചു. ശനിയാഴ്‌ച രാത്രി രണ്ട്‌ തവണ ലേലത്തുക നിക്ഷേപിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാര്‍ കാരണം സാധിച്ചില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. പിന്നീട്‌, വലിയ തുക ഒരു നമ്പര്‍ പ്ലേറ്റിന്‌ വേണ്ടി ചെലവഴിക്കുന്നതിനെ കുടുംബം എതിര്‍ത്തതായും അദ്ദേഹം പറഞ്ഞു.

ഹരിയാനയില്‍ വി.ഐ.പി നമ്പര്‍ പ്ലേറ്റുകള്‍ക്ക്‌ ആഴ്‌ചതോറും ഓണ്‍ലൈന്‍ ലേലങ്ങള്‍ നടത്താറുണ്ട്‌. വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ച്‌ മുതല്‍ തിങ്കളാഴ്‌ച രാവിലെ ഒന്‍പത്‌ വരെ ലേലക്കാര്‍ക്ക്‌ ഇഷ്‌ടമുള്ള നമ്പര്‍ തെരഞ്ഞെടുക്കാന്‍ അപേക്ഷിക്കാം.

എച്ച്‌ആര്‍ 88ബി8888 എന്ന രജിസ്‌ട്രേഷന്‍ നമ്പരിനാണ്‌ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍(45) ലഭിച്ചത്‌. അടിസ്‌ഥാന ലേലത്തുക 50,000 രൂപയായിരുന്നു. മത്സരം കൂടിയതോടെ അത്‌ 1.17 കോടി രൂപയില്‍ എത്തുകയായിരുന്നു. ഇംഗ്ലിഷ്‌ അക്ഷരം ‘ബി’ എഴുതുമ്പോള്‍ എട്ടിനെ ഓര്‍മിപ്പിക്കും. അതാണു നമ്പര്‍ പ്ലേറ്റിനായി മത്സരം മുറുകാന്‍ കാരണം.