Featured Oddly News

നടുറോഡില്‍ മരങ്ങൾ! വാഹനങ്ങൾ നട്ടംതിരിയും; 100 കോടി മുടക്കിയ റോഡിന്റെ അവസ്ഥ…!

റോഡരികിലെ തണല്‍മരങ്ങള്‍ ചൂടുകുറയ്ക്കാനും കാണാനും നല്ല കാര്യമാണെങ്കിലും ഈ മരങ്ങള്‍ റോഡിന് നടുവിലായാലോ? അത് അത്ര നല്ലതല്ലെന്ന്‌ പറയുകയാണ് ജഹാനാബാദുകാര്‍. പട്‌ന- ഗയ മെയിന്‍ പാതയിലെ ജഹാനാബാദില്‍, 7.48 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ നിറയെ മരങ്ങളാണ്. 100 കോടി രൂപയുടെ പദ്ധതിയാണു ഇപ്പോള്‍ വിവാദമായിരിക്കുന്നത്‌.

8കിലോമീറ്ററോളം ദൂരത്തില്‍ റോഡിന്റെ വശങ്ങളിലല്ല, റോഡിന്റെ നടുവിലാണ് മരങ്ങള്‍ നില്‍ക്കുന്നത്. റോഡില്‍ മരങ്ങള്‍ നില്‍ക്കുന്നു എന്നതിനേക്കാള്‍, മരങ്ങളെ ‘ബുദ്ധിമുട്ടിക്കാതെ’ അതിനു ചുറ്റുമായി ടാര്‍ചെയ്ത് പോയിരിക്കുന്നു എന്നുവേണം പറയാന്‍. ജില്ലാ ഭരണകൂടവും വനംവകുപ്പും തമ്മിലുള്ള തര്‍ക്കമാണ് ഇത്തരത്തില്‍ റോഡ് പണിയാന്‍ ഇടവരുത്തിയത് എന്നാണ് വിവരം.

തലസ്‌ഥാനമായ പട്‌നയില്‍നിന്ന്‌ 50 കിലോമീറ്റര്‍ അകലൊണു ജഹാനാബാദ്‌. ജില്ലാ ഭരണകൂടം 100 കോടി രൂപയുടെ റോഡ്‌ വികസന പദ്ധതി ആരംഭിച്ചപ്പോള്‍ തന്നെ മരങ്ങള്‍ നീക്കം ചെയ്യാന്‍ അനുമതി ചോദിച്ച്‌ വനം വകുപ്പിനെ സമീപിച്ചിരുന്നു 14 ഹെക്‌ടര്‍ വനഭൂമിയില്‍നിന്നു മരങ്ങള്‍ മുറിച്ചുനീക്കുന്നതിനുള്ള നഷ്‌ടപരിഹാരമായിരുന്നു അവരുടെ ആവശ്യം.

ജില്ലാ ഭരണകൂടത്തിന്‌ ഈ ആവശ്യം നിറവേറ്റാന്‍ കഴിഞ്ഞില്ല. പകരം മറ്റൊരു വിചിത്ര തീരുമാനം ജില്ലാ ഭരണകൂടം കൈക്കൊണ്ടു. സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റാതെ റോഡ് നിര്‍മിക്കുക. അതോടെ അവര്‍ മരങ്ങള്‍ക്ക്‌ ചുറ്റും ഒരു റോഡ്‌ നിര്‍മിച്ചു. ഇരുകൂട്ടരുടെയും വാശിക്കുമുന്നില്‍ നട്ടംതിരിഞ്ഞ് നില്‍ക്കുകയാണ് ജഹാനാബാദിലെ ജനങ്ങള്‍.

മരങ്ങളെ ഒഴിവാക്കി ഡ്രൈവര്‍മാര്‍ക്ക്‌ വാഹനം ഓടിക്കാന്‍ കഴിയുമെന്നാണു വാദം. പക്ഷേ, റോഡില്‍ നിറയെ മരങ്ങളുള്ളതിനാല്‍ നിരവധി അപകടങ്ങള്‍ ഇതിനകം സംഭവിച്ചിട്ടുണ്ട്‌. 100 കോടി മുടക്കി നിര്‍മിച്ചിരിക്കുന്ന ‘മരണക്കെണി’യാണ് ഈ റോഡ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എങ്കിലും, മരങ്ങള്‍ നീക്കം ചെയ്യുന്നതിന്‌ ജില്ലാ ഭരണകൂടം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.