Featured Travel

രാജ്യത്തെ ഏറ്റവും നീളമേറിയ തുരങ്കപാത; ഹിമാലയത്തിനുള്ളിലൂടെ ഗുഹയില്‍ 14.58 കി.മീ. ട്രെയിന്‍ സഞ്ചരിക്കും

ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍വേ പദ്ധതിയിലെ എട്ടാം നമ്പര്‍ തുരങ്കം ബുധനാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 14.58 കിലോമീറ്റര്‍ നീളമുള്ള ഇത് രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം ജമ്മു കശ്മീരിലെയും ഹിമാചല്‍ പ്രദേശിലെയും നിലവിലുള്ള റെയില്‍, റോഡ് തുരങ്കങ്ങളെ മറികടക്കും.

ഉത്തരാഖണ്ഡിലെ കുന്നിന്‍ പ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ മുന്നേറ്റം. ഉത്തരാഖണ്ഡിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു നിര്‍ണായക പദ്ധതിയായ ഋഷികേശ്-കര്‍ണപ്രയാഗ് ബ്രോഡ് ഗേജ് റെയില്‍വേ ലൈനിന്റെ ഭാഗമാണ് ഈ തുരങ്കം. ദേവപ്രയാഗ്, ശ്രീനഗര്‍, രുദ്രപ്രയാഗ്, ഗൗച്ചര്‍, കര്‍ണപ്രയാഗ് തുടങ്ങിയ പട്ടണങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്നതോടെ ഡെറാഡൂണ്‍, തെഹ്രി ഗര്‍വാള്‍, പൗരി ഗര്‍വാള്‍, രുദ്രപ്രയാഗ്, ചമോലി എന്നിങ്ങിനെ അഞ്ച് ജില്ലകളെ ബന്ധിപ്പിക്കുന്നത് കൂടിയായി തുരങ്കം മാറും.

കഠിനമായ ഹിമാലയന്‍ ഭൂപ്രദേശത്ത് ഈ തുരങ്കം നിര്‍മ്മിക്കുന്നത് ഒരു പ്രധാന എഞ്ചിനീയറിംഗ് നേട്ടമാണ്. ഋഷികേശ്-കര്‍ണപ്രയാഗ് പദ്ധതിയില്‍ 16 പ്രധാന തുരങ്കങ്ങള്‍ (104 കി.മീ), 12 എസ്‌കേപ്പ് ടണലുകള്‍ (97.72 കി.മീ), 7.05 കി.മീ ക്രോസ് പാസേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു, ആകെ 213.57 കി.മീ തുരങ്കങ്ങള്‍. ഇതില്‍ 195 കി.മീ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞു. ഹിമാലയന്‍ മേഖലയില്‍ ഇന്ത്യന്‍ റെയില്‍വേ ആദ്യമായി ഒരു ടണല്‍ ബോറിംഗ് മെഷീന്‍ (ടിബിഎം) വിജയകരമായി ഉപയോഗിച്ചു എന്നതും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ടിബിഎം 10.4 കി.മീ തുരങ്കം കുഴിച്ചപ്പോള്‍ ബാക്കിയുള്ളവ ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് രീതി (എന്‍എടിഎം) ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്.

തുരങ്കം കുഴിക്കല്‍ എളുപ്പമായിരുന്നില്ല. ദുര്‍ബലമായ പാറക്കെട്ടുകള്‍, 800 മീറ്റര്‍ വരെ കനത്ത ഓവര്‍ബര്‍ഡ്, പരിമിതമായ ഭൂമിശാസ്ത്ര ഡാറ്റ എന്നിവ എഞ്ചിനീയര്‍മാര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവന്നു. ചില ഭാഗങ്ങളില്‍, മിനിറ്റില്‍ 2,000 ലിറ്റര്‍ വരെ വെള്ളമൊഴുക്ക് ജോലിയെ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കി. തുരങ്കങ്ങള്‍ക്കൊപ്പം, റെയില്‍വേ ലൈനില്‍ സുപ്രധാനമായ അഞ്ചെണ്ണം ഉള്‍പ്പെടെ 19 പ്രധാന പാലങ്ങളും 38 ചെറിയ പാലങ്ങളും ഉള്‍പ്പെടുന്നു. ചന്ദ്രഭാഗ, അളകനന്ദ നദികള്‍ക്ക് മുകളിലുള്ള പ്രധാന ഘടനകള്‍ ഇതിനകം പൂര്‍ത്തിയായി.

പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ഒരു റോഡ് ഓവര്‍ബ്രിഡ്ജ് (ആര്‍ഒബി), റോഡ് അണ്ടര്‍ബ്രിഡ്ജ് (ആര്‍യുബി), മൂന്ന് പ്രധാന റോഡ് പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. റെയില്‍ പാതയിലെ വീരഭദ്ര-യോഗ് നഗരി ഋഷികേശ് ഭാഗം 2020 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്തു. ശേഷിക്കുന്ന തുരങ്കനിര്‍മ്മാണ ജോലികള്‍ 2026 – 27 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *