Celebrity

ഈ രീതിയിലാണങ്കില്‍ എല്ലാം ഞാന്‍ വെട്ടിത്തുറന്നു പറയും, ഭവിഷ്യത്ത്‌ അതീവ ഗുരുതരമായിരിക്കും: നടി റിനി

അതിഭീകരമായ സൈബര്‍ ആക്രമണം താന്‍ നേരിടുകയാണെന്നും ഈ രീതിയിലാണ്‌ കാര്യങ്ങള്‍ മുന്നോട്ട്‌ പോകുന്നതെങ്കില്‍ എനിക്കറിയാവുന്ന മുഴുവന്‍ കാര്യങ്ങളും വെട്ടിത്തുറന്ന്‌ പറയേണ്ടിവരുമെന്നും നടി റിനി ആന്‍ ജോര്‍ജ്‌. അതിന്റെ ഭവിഷ്യത്ത്‌ അതീവ ഗുരുതരമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

സ്‌ത്രീപക്ഷ രാഷ്‌ട്രീയമാണ്‌ താന്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്‌. അതിനാലാണ്‌ പറവൂരില്‍ സി.പി.എം. സംഘടിപ്പിച്ച പെണ്‍പ്രതിരോധത്തില്‍ ക്ഷണിച്ചപ്പോള്‍ പങ്കെടുത്തത്‌. സ്‌ത്രീകള്‍ക്കെതിരേയുള്ള സൈബര്‍ ആക്രമണത്തിനെതിരായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനാല്‍ തന്റെ നിലപാട്‌ വ്യക്‌തമാക്കാന്‍ ഒരു അവസരം കിട്ടി. വര്‍ഗീയതയ്‌ക്കും പിന്തിരിപ്പന്‍ ചിന്താഗതികള്‍ക്കുമെതിരേ ഇനിയും പ്രതികരിക്കും. ഞാന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും അംഗമല്ല. കലാകാരി എന്ന നിലയില്‍ പല പ്രസ്‌ഥാനങ്ങളുടേയും പരിപാടിയില്‍ മുന്‍പും പങ്കെടുത്തിട്ടുണ്ട്‌.

സി.പി.എം. നേതൃത്വവുമായി ഞാനും കുടുംബവും ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉന്നയിക്കുന്നവര്‍ അത്‌ എങ്ങിനെയെന്ന്‌ തെളിയിക്കണമെന്നും റിനി വെല്ലുവിളിച്ചു. ഇഷ്‌ടമില്ലാത്തവരെക്കുറിച്ച്‌ ഇല്ലാക്കഥകള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ച്‌ കുറച്ചു പേരെയെങ്കിലും അത്‌ വിശ്വസിപ്പിക്കാനാകുമോ എന്നതാണ്‌ ചിലരുടെ ചിന്ത. താന്‍ ഇഷ്‌ടപ്പെടുന്ന ഒരു പ്രസ്‌ഥാനത്തേയും അതിലെ ചില നേതാക്കളേയും മാത്രം ഓര്‍ത്താണ്‌ പലതും വിളിച്ചു പറയാതെ പിടിച്ചു നില്‍ക്കുന്നത്‌.

ദുഷ്‌പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ വെള്ളപൂശാനാണ്‌ ചിലരുടെ ശ്രമം. സൈബര്‍ ആക്രമണത്തിനെതിരേ കൊടുത്ത പരാതിയില്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും വിവാദമുണ്ടായ ശേഷം ഒരു കോണ്‍ഗ്രസ്‌ നേതാവും ഇതുവരെ കാര്യങ്ങള്‍ വിളിച്ച്‌ അന്വേഷിച്ചിട്ടില്ലെന്നും റിനി പറഞ്ഞു.