കൊൽക്കത്ത∙ ഏകദിന വനിതാ ലോകകപ്പ് വിജയിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷിന് ഗംഭീര സ്വീകരണമൊരുക്കി ബംഗാൾ സർക്കാർ. കൊൽക്കത്ത ഈഡൻ ഗാർഡന്‍സ് സ്റ്റേഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ ബംഗ ഭൂഷൺ പുരസ്കാരവും പൊലീസിൽ ഡിഎസ്പിയായി ജോലിയും സ്വർണ മാലയുമാണ് ബംഗാൾ സർക്കാർ റിച്ചയ്ക്കു നൽകിയത്. ലോകകപ്പ് ഫൈനലിൽ റിച്ച നേടിയ ഓരോ റണ്ണിനും ഒരു ലക്ഷം വച്ച് 34 ലക്ഷം രൂപ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും കൈമാറി.
ബംഗാളിൽനിന്നുള്ള ആദ്യ ലോകകപ്പ് ജേതാവാണ് റിച്ച ഘോഷ്. ഇതിഹാസ താരം സൗരവ് ഗാംഗുലി 2003 ൽ ലോകകപ്പ് ഫൈനലിലെത്തിയിരുന്നെങ്കിലും ഓസ്ട്രേലിയയോടു തോറ്റിരുന്നു.
ഇന്ത്യയുടെ കിരീട വിജയത്തിൽ റിച്ച നിർണായക പങ്ക് വഹിച്ചു. ഏഴാമതായി ബാറ്റ് ചെയ്ത റിച്ച ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിൽ 24 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടെ 34 റൺസ് നേടി. ഇന്ത്യയുടെ 298 എന്ന വെല്ലുവിളി നിറഞ്ഞ സ്കോർ നേടാൻ സഹായിച്ചു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്താവുകയായിരുന്നു.സിലിഗുരിയിൽ നിന്നുള്ള 22 കാരി ബംഗാളിന്റെ അഭിമാനമാണെന്നും, അവർ തന്റെ മികച്ച പ്രകടനം തുടരുമെന്നും ഒരു ദിവസം ഇന്ത്യൻ വനിത ടീമിന്റെ ക്യാപ്റ്റനാകുമെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ ഏഴാം നമ്പരിൽ ബാറ്റിങ്ങിൽ ഇറങ്ങിയ റിച്ച ഘോഷ് 24 പന്തുകളിൽ 34 റണ്‍സാണ് അടിച്ചെടുത്തത്. സ്വര്‍ണം കൊണ്ടുള്ള ബാറ്റും പന്തും റിച്ചയ്ക്ക് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സമ്മാനിച്ചു. ഡിഎസ്പിയായുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി മമതാ ബാനർജിയാണ് റിച്ച ഘോഷിനു കൈമാറിയത്.
22 വയസ്സുകാരിയായ റിച്ച ബംഗാളിലെ സിലിഗുരി സ്വദേശിയാണ്. ‘പവർഫുൾ’ ഷോട്ടുകളുമായി ലോകകപ്പിൽ തിളങ്ങിയ റിച്ച, എട്ട് ഇന്നിങ്സുകളിൽനിന്നായി 235 റൺസാണ് അടിച്ചെടുത്തത്.
ടൂർണമെന്റിലുടനീളം, എട്ട് ഇന്നിംഗ്സുകളിൽ നിന്ന് 39.16 ശരാശരിയിലും 133.52 സ്ട്രൈക്ക് റേറ്റിലും 235 റൺസ് അവർ നേടി. കൂടാതെ ഒരു വനിത ലോകകപ്പിൽ 12 സിക്സറുകൾ എന്ന ഡിയാൻഡ്ര ഡോട്ടിന്റെ റെക്കോഡിനൊപ്പമെത്തി. സമ്മർദ സമയങ്ങളിയെ ബാറ്റിങ് തനിക്ക് ഇഷ്ടമാണെന്നും നെറ്റ്സിലെ പരിശീലനത്തിൽ ബോളിന്റെ വേഗം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും എത്ര റൺസ് നേടാൻ കഴിയുമെന്നും ഫിനിഷർ എന്ന നിലയിൽ ബാറ്റിങ് ആസ്വദിക്കുകയാണെന്നും റിച്ച മറുപടി ഭാഷണത്തിൽ പറഞ്ഞു.




