വിവാഹ ചടങ്ങുകളിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പുറത്തുവരാറുണ്ട്. ഇപ്പോഴിതാ നേപ്പാളിലെ ഒരു വിവാഹച്ചടങ്ങിൽ ക്ഷണിക്കപ്പെടാതെ എത്തിയ ഒരു അതിഥിയുടെ വീഡിയോയാണ് നെറ്റിസൺസിനിടയിൽ കൗതുകം സൃഷ്ടിച്ചത്. ഇനി ആൾ ആരാണെന്നല്ലേ? സാക്ഷാൽ കാണ്ടാമൃഗം.
യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ചിത്വാൻ ദേശീയോദ്യാനത്തിന്റെ അരികിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ടതും 600-ലധികം വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രവുമാണ് ചിത്വാൻ ദേശീയോദ്യാനം.
ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വൈറൽ വീഡിയോയിൽ, ഒരു ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഒരു വിവാഹ വേദിയിലേക്ക് കയറിചെല്ലുന്നതാണ് കാണുന്നത്. തുടർന്ന് വിവാഹത്തിനായി മനോഹരമായി അലങ്കരിച്ച പൂന്തോട്ടത്തിലൂടെ കാണ്ടാമൃഗം ശാന്തമായി നടക്കുകയാണ്. വീഡിയോ തുടരുമ്പോൾ, ഒരു കുട്ടി കാണ്ടാമൃഗത്തെ കണ്ട് ഓടിപ്പോകുന്നതും കാണാം.
അതേസമയം കണ്ടാമൃഗം വേദിയിലേക്ക് കടക്കുന്നത് മറ്റൊരാൾ തന്റെ ഫോണിൽ പകർത്തുന്നതും കാണാം. രസകരമായ കാര്യം എന്തെന്ന് വെച്ചാൽ, കാണ്ടാമൃഗം വിവാഹ അതിഥികളിൽ ഭൂരിഭാഗവും ഒത്തുകൂടുന്ന സ്ഥലം ഒഴിവാക്കി, വേദിയിലെ ശാന്തവും തിരക്ക് കുറഞ്ഞതുമായ ഒരു സ്ഥലമാണ് അലഞ്ഞുതിരിയാനായി തിരഞ്ഞെടുത്തത്.
“മനുഷ്യരും കാണ്ടാമൃഗങ്ങളും തമ്മിലുള്ള ചിത്വാൻ ഐക്യം ലോകത്തെ അത്ഭുതപ്പെടുത്തുന്നത് തുടരുന്നു” എന്ന് കുറിച്ചുകൊണ്ട് @nepalinlast24hr എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറലായ വീഡിയോയ്ക്ക് താഴെ രസകരമായ കമ്മെന്റുകളുമായി നിരവധിപേർ രംഗത്തെത്തി. ചിലർ ഇതിനെ “വൈൽഡ്” കാർഡ് എൻട്രി” എന്നാണ് വിശേഷിപ്പിച്ചത്. ഒരു ഉപയോക്താവ് ബോളിവുഡ് സിനിമയായ ഡൽഹി 6 ലെ ജനപ്രിയ ഗാനത്തെ പരാമർശിച്ച് കമന്റ് രേഖപെടുത്തി. മറ്റൊരാൾ”വളരെ നല്ല പെരുമാറ്റമുള്ള കാണ്ടാമൃഗം. കാണ്ടാമൃഗത്തെ മാതാപിതാക്കൾ നല്ല രീതിയിലാണ് വളർത്തിയത്,” എന്നാണ് പ്രതികരിച്ചത്. “ഇപ്പോൾ വിവാഹ ഫോട്ടോഗ്രാഫർമാർ വന്യജീവി ഫോട്ടോഗ്രാഫർമാരായി മാറുന്നു,” നാലാമത്തെ ഉപയോക്താവ് കുറിച്ചു.