ചെറുപ്രായത്തിൽ കുട്ടികൾ മുതിർന്നവരെ അനുകരിക്കുകയും അവരെപോലെ പെരുമാറാൻ ശ്രമിക്കുകയും ചെയ്യുന്നത് ഏറെ രസകരമായ കാര്യമാണ്. അതെല്ലാം കുട്ടിക്കളിയുടെ ഭാഗമായിട്ടേ ആളുകൾ കാണാറുള്ളു. എന്നാൽ ചൈനയിൽ “റിവേഴ്സ് പാരന്റിംഗ്” എന്ന പേരിൽ സമാനയമായ പ്രവണത വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം എന്താണന്നല്ലേ? അവിടെ മാതാപിതാക്കൾ വിശ്രമിക്കുമ്പോൾ കുട്ടികൾ മാതാപിതാക്കൾ ചെയ്യുന്ന വീട്ടുജോലികൾ ഏറ്റെടുക്കുകയാണ്.
സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സിനെ നേടി ഓൺലൈൻ സെൻസേഷൻ ആയി മാറിയ ലിയോണിംഗ് പ്രവിശ്യയിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ യുവാൻ യുവാൻ പങ്കുവച്ച വീഡിയോയിലാണ്ര രസകരമായ ഈ കാര്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. വസ്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്യാമറ ഉപയോഗിച്ച് ഈ കുരുന്നു തന്റെ ദൈനംദിന ജീവിതം പകർത്തുകയാണ്. സ്കൂൾ, വീട്ടുജോലികൾ കൈകാര്യം ചെയ്യുന്നതിന്റെ പതിവ് ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ രാവിലെ 5 മണിക്ക് എഴുന്നേറ്റ് അയൽക്കാരുടെ നായ്ക്കളെ നടക്കാൻ കൊണ്ടുപോകും. ഓരോന്നിനും 5 യുവാൻ (60 രൂപ) അവന് കിട്ടും. സ്കൂൾ കഴിഞ്ഞ്, അത്താഴത്തിന് എന്താണ് വേണ്ടതെന്ന് ചോദിക്കാൻ അവൻ അമ്മയെ വിളിക്കുന്നു. പിന്നെ, പലചരക്ക് സാധനങ്ങൾ വാങ്ങുന്നു, തെരുവ് കച്ചവടക്കാരുമായി വിലപേശുന്നു, തുടർന്ന് പണം നൽകുന്നു. വീട്ടിൽ, അവൻ ഭക്ഷണം പാകം ചെയ്യും, സാധാരണപോലെ തന്നെ രണ്ട് ഇറച്ചി വിഭവങ്ങളും ഒരു പച്ചക്കറി വിഭവവുമാണ് പാകം ചെയ്യുന്നത്. അത്താഴം തയ്യാറായിക്കഴിഞ്ഞാൽ, പലപ്പോഴും ടിവി കാണുന്ന അമ്മയെ അവൻ ഭക്ഷണം കഴിക്കാൻ വിളിക്കും- SCMP റിപ്പോർട്ട് ചെയ്യുന്നു.
അവന്റെ അമ്മ അവൻ ചെയ്യുന്ന കാര്യങ്ങളിൽ അഭിമാനിക്കുന്നുവെന്നും ഓൺലൈൻ വീഡിയോകളിൽ നിന്ന് അവൻ പഠിച്ച അവന്റെ പാചകത്തെ പ്രശംസിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. മേക്കപ്പിലും വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും പോലും യുവാൻയുവാൻ അമ്മയെ സഹായിക്കുന്നത് ഏറെ അതിശയകരമാണ്.
കുട്ടികൾ മുതിർന്നവരെപ്പോലെയും മാതാപിതാക്കൾ കുട്ടികളെപ്പോലെയും പെരുമാറുന്ന “റിവേഴ്സ് പാരന്റിംഗിന്റെ” മുഖമായി യുവാൻയുവാൻ മാറുന്നതിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
ഫെബ്രുവരിയിൽ പുറത്തുവന്ന മറ്റൊരു വീഡിയോയിൽ, മാതാപിതാക്കളെ മടിയന്മാരായി കണക്കാക്കി ശകാരിക്കുന്ന നാല് വയസ്സുകാരന്റെ വീഡിയോ വൈറലായിരുന്നു. ദിവസം മുഴുവൻ അവർ കിടക്കയിൽ കിടക്കുകയും താൻ ഒറ്റക്ക് വീട് വൃത്തിയാക്കേണ്ടി വന്നതിനെക്കുറിച്ചുമാണ് അവൻ പരാതിപ്പെട്ടത്. ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ 1.4 ദശലക്ഷത്തിലധികം ലൈക്കുകളാണ് നേടിയത്.
അതേസമയം ചില മാതാപിതാക്കൾ കുട്ടികളെ അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യാൻ അനുവദിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഹോങ്കോങ്ങിലെ വിമാന യാത്രാ സമയത്തിലെ ചില മാറ്റങ്ങളെത്തുടർന്ന്, ഏഴ് വയസ്സുള്ള മകൾ ഇപ്പോൾ അവരുടെ യാത്ര സംഘടിപ്പിക്കുന്നുണ്ടെന്ന് നിനി എന്ന യുവതി വ്യക്തമാക്കിയിരുന്നു.
ഹുബെയിൽ നിന്നുള്ള ബാല സാമൂഹിക പ്രവർത്തകനായ ഷാങ് ജിയാൻയോങ്ങിനെപ്പോലുള്ള വിദഗ്ദ്ധർ പറയുന്നത്, ഈ റിവേഴ്‌സൽ റോൾ കുട്ടികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാൻ സഹായിക്കുമെന്നാണ്. മാതാപിതാക്കൾ “ബലഹീനത” കാണിക്കുമ്പോൾ, അത് കുട്ടികളെ മുന്നോട്ട് പോകാൻ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.




