Celebrity

റിട്രോ ബോക്‌സോഫീസില്‍ നേടിയത് 235 കോടി; വിദ്യാഭ്യാസത്തിനായി 10 കോടി സംഭാവന നല്‍കി സൂര്യ

തന്റെ സിനിമയായ റിട്രോ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ലാഭവിഹിതത്തില്‍ നിന്നും 10 കോടി രൂപ സംഭാവന ചെയ്ത് സൂപ്പര്‍താരം സൂര്യ. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന ഒരു സംഘടനയ്ക്കാണ് താരം പണം കൈമാറിയത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യയ്ക്ക് പുതുജീവനായിരുന്നു.

”ഞങ്ങളുടെ റെട്രോ എന്ന ചിത്രത്തിന് നിങ്ങള്‍ നല്‍കിയ സ്‌നേഹത്തില്‍ നിന്നും പിന്തുണയില്‍ നിന്നും, ഈ അധ്യയന വര്‍ഷമായ 2025 ല്‍ ഞാന്‍ അഗരം ഫൗണ്ടേഷന് 10 കോടി രൂപ സംഭാവന ചെയ്യുന്നുവെന്ന വിവരം പങ്കിടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.” താരം പറഞ്ഞു. ”ഇതിലും വലിയ സന്തോഷം മറ്റൊന്നില്ല. എന്റെ പരിശ്രമങ്ങള്‍ തിരിച്ചറിയുകയും ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് ഒരു ഐഡന്റിറ്റി നല്‍കുകയും ചെയ്ത എല്ലാവരുമായും വിജയം പങ്കിടുന്നത് എനിക്ക് എല്ലായ്‌പ്പോഴും വലിയ സംതൃപ്തി നല്‍കുന്ന കാര്യമാണ്.”

റെട്രോയോട് തനിക്ക് ലഭിച്ച സ്‌നേഹത്തെക്കുറിച്ച് സംസാരിച്ച സൂര്യ പറഞ്ഞു.”നിങ്ങള്‍ റെട്രോ എന്ന ചിത്രത്തിന് നല്‍കിയ മികച്ച പിന്തുണയാണ് അതിനെ ഹൃദയസ്പര്‍ശിയായ വിജയമാക്കിയത്. ഓരോ തവണയും വെല്ലുവിളി നിറഞ്ഞ സാഹചര്യം നേരിടുമ്പോള്‍, നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവുമാണ് എന്നെ ഉയര്‍ത്തുന്നതും മുന്നോട്ട് കൊണ്ടുപോകുന്നതും.”

മികച്ച താരനിരയുമായി മെയ് 1 നാണ് സിനിമ റിലീസ് ചെയ്തത്. സൂര്യയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡേ, ജോജു ജോര്‍ജ്ജ്, ജയറാം, കരുണാകരന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സംഗീതം സന്തോഷ് നാരായണനും ആക്ഷന്‍ കൊറിയോഗ്രഫി കേച്ച ഖംഫക്ഡിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *