Oddly News

പാർക്ക്‌ ചെയ്യാനേല്‍പ്പിച്ച ഒരു കോടിയുടെ ബെൻസെടുത്ത് റീൽസ് എടുത്തു; ഇടിച്ചു തകർത്ത് റെസ്റ്ററന്റിലെ വാലറ്റുകൾ: വീഡിയോ

റീൽസ് ചിത്രീകരിക്കുന്നതിനിടെ 1.4 കോടി രൂപ വിലമതിക്കുന്ന പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസ് തകർത്ത് റെസ്റ്ററന്റിലെ വാലറ്റുകൾ. ബംഗളൂരു നിവാസിയായ ദിവ്യ ഛബ്ര എന്ന വ്യക്തിക്കാണ് കുടുംബമായി ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലിൽ നിന്നു ദുരനുഭവം ഉണ്ടായത്. 2025 ഫെബ്രുവരി 26 ന് മാറത്തഹള്ളിയിലെ ബിഗ് ബാർബിക്യൂ റെസ്റ്റോറന്റിൽ വെച്ചായിരുന്നു സംഭവം. ( ഹോട്ടലിലെത്തുമ്പോള്‍ ഉപഭോക്താവിന്റെ വാഹനം പാർക്ക് ചെയ്യുകയും തിരികെ പോകാൻ തയ്യാറാകുമ്പോൾ വാഹനം തിരികെ തരികയും ചെയ്യുന്ന പാർക്കിംഗ് അറ്റൻഡന്റ് കൈകാര്യം ചെയ്യുന്ന ഒരു സേവനമാണ് വാലെറ്റ് പാർക്കിംഗ്)

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഎസ്ആർ ജേണൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്റെസ്റ്റോറൻ്റിൻ്റെ പാർക്കിംഗ് സേവനത്തിൻ്റെ ഭാഗമായി ഒരു വാലറ്റിന് തൻ്റെ താക്കോൽ കൈമാറിയതായി ഛബ്ര പറഞ്ഞു. എന്നാൽ വെറും ഒരു മണിക്കൂറിനുള്ളിൽ, തന്റെ വാഹനം റെസ്റ്റോറൻ്റിൻ്റെ ബേസ്മെൻ്റിലെ മതിലിൽ ഇടിക്കുകയായിരുന്നു. കുടുംബക്കാർ ഓടിയെത്തുന്നതിനു മുൻപേ റെസ്റ്റോറൻ്റ് ജീവനക്കാർ സംഭവസ്ഥലത്ത് നിന്ന് മണ്ണും ഇഷ്ടികകളും നീക്കം ചെയ്തുവെന്നും കുടുംബം ആരോപിച്ചു.

തുടക്കത്തിൽ, റസ്റ്റോറൻ്റ് മാനേജ്മെൻ്റ് ഇതിനെ ഒരു സാധാരണ പാർക്കിംഗ് അപകടമെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇതിനു പിന്നാലെ മൂന്ന് വാലറ്റുകൾ അശ്രദ്ധമായി തൻ്റെ വാഹനം ഓടിക്കുന്നതും സോഷ്യൽ മീഡിയ റീൽ ചിത്രീകരിക്കുന്നതും കാണിക്കുന്ന വീഡിയോ തെളിവുകൾ സഹിതം ഛബ്ര പുറത്തുവിട്ടു.

“ഇത് ഒരു ലളിതമായ ഉച്ചഭക്ഷണ ഔട്ടിംഗ് ആയിരിക്കേണ്ടതായിരുന്നു,” ഛബ്ര ഔട്ട്‌ലെറ്റിനോട് പറഞ്ഞു. “എന്നാൽ എൻ്റെ കാർ ഇടിപ്പിച്ച ആൾക്ക് ഡ്രൈവിംഗ് ലൈസൻസ് പോലും ഇല്ലായിരുന്നു.

“വാലറ്റുകളിലൊരാൾ തെറ്റുകാരൻ അല്ലെന്ന് കാണിക്കാൻ വ്യാജ ഡ്രൈവിംഗ് ലൈസൻസാണ് ഉപയോഗിച്ചത്. ഇതിൽ ഉൾപ്പെട്ട മറ്റൊരു വാലറ്റിനു പ്രത്യക്ഷത്തിൽ ലൈസൻസ് ഇല്ലായിരുന്നു. മൂവരിൽ ഒരാൾക്ക് മാത്രമായിരുന്നു വാഹനമോടിക്കാനുള്ള നിയമപരമായ യോഗ്യതയുണ്ടായിരുന്നത്. ഇൻഷുറൻസ് അന്വേഷകർ പിന്നീട് ഈ ക്ലെയിമുകൾ സ്ഥിരീകരിക്കുകയും, വ്യാജവും മിസ്സായതുമായ രേഖകൾ പരിശോധിക്കുകയും ചെയ്തു. ഇതോടൊപ്പം വാഹനത്തിൽ ചിത്രീകരിച്ച ഇൻസ്റ്റാഗ്രാം റീലും അവർ കണ്ടെടുത്തു. വിലകൂടിയ വാഹനങ്ങൾ കാണുമ്പോൾ റീലുകൾ നിർമ്മിക്കുന്നത് പതിവാണെന്ന് വാലെറ്റുകളിലൊന്ന് സമ്മതിച്ചതായി ഛബ്ര പറഞ്ഞു.