സന്നദ്ധസേവനത്തിന് ഇറ്റലിയിലെ പൗരപുരസ്‌ക്കാരം നേടിയ നഴ്‌സായ സിസ്റ്റര്‍ മാഫിയാ കുടുംബവുമായി ബന്ധമുണ്ടെന്ന കുറ്റത്തിന് ഇറ്റലിയില്‍ അറസ്റ്റില്‍. വടക്കന്‍ ഇറ്റലിയില്‍ നിന്നുള്ള ഏറെ ബഹുമാനിതയായ സിസ്റ്റര്‍ അന്ന ഡൊനെല്ലിയാണ് ‘എന്‍ഡ്രാഗേട്ട’ എന്ന ഇറ്റലിയിലെ തന്നെ കുപ്രസിദ്ധിയാര്‍ജജിച്ച മാഫിയ കുടുംബവുമായി ഒത്തുകളിച്ചുവെന്ന് സംശയത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ഇറ്റാലിയന്‍ മാധ്യമമായ ഫ്ളാഷ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു..
ജയിലുകളിലും മിലാന്‍, റോം, ബ്രെസിയ തുടങ്ങിയ നഗരങ്ങളുടെ പ്രക്ഷുബ്ധമായ പ്രദേശങ്ങളിലും സന്നദ്ധസേവനം നടത്തിയതിന് മിലാനില്‍ നല്‍കുന്ന പൗര പുരസ്‌കാരമായ ഗോള്‍ഡന്‍ പനറ്റോണിന് അര്‍ഹയായ സിസ്റ്ററാണ് 57 കാരിയായ അന്ന ഡോനെല്ലി. ഇവരുടെ അറസ്റ്റ് ഇറ്റലിയെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. എന്‍ഡ്രാഗേട്ട ഗ്യാംഗിന്റെ ബ്രെസിയയിലെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ചതോടെയാണ് വ്യാഴാഴ്ച സിസ്റ്റര്‍ അന്നയെയും മറ്റ് 24 പേരെയും അറസ്റ്റ് ചെയ്തത്.
സിസ്റ്റര്‍ വളരെക്കാലമായി മാഫിയ ക്രൈം കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ ശക്തമായ കാരണങ്ങളുണ്ടെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ജയിലുകളില്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി ഇവര്‍ ‘എന്‍ഡ്രാഗേട്ട’ അംഗങ്ങളെ തടവിലിട്ടിരിക്കുന്ന നിരവധി ജയിലുകളിലും ജോലി ചെയ്തിരുന്നു. ഈ അവസരം തടവുകാരും കുടുംബത്തിന്റെ ഭാഗമായിരുന്നവരും തമ്മിലുള്ള ആശയവിനിമയത്തിന് സഹായിച്ചു എന്നാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം.
ഇറ്റാലിയന്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയ വയര്‍ടാപ്പ് റെക്കോര്‍ഡിംഗില്‍ ഒരു മാഫിയാ തലവന്‍ സിസ്റ്റര്‍ അന്നയുടെ ഇടപെടലിനെക്കുറിച്ച് സംസാരിച്ചതാണ് തെളിവായി മാറിയത്. ബ്രെസിയ ആസ്ഥാനമായുള്ള ട്രൈപോഡി വംശത്തിന്റെ നേതാവായ സ്റ്റെഫാനോ ട്രൈപ്പോഡി, തന്റെ അനുചരന്മാരോട് ”സിസ്റ്റര്‍ അന്ന ഡൊനെല്ലി ഞങ്ങളില്‍ ഒരാളാണ്,” എന്ന് പറയുന്നത് പോലീസ് പിടിച്ചെടുത്തതോടെയാണ് അന്നയെക്കുറിച്ച് സംശയം ഉയര്‍ന്നത്. ജങ്ക്യാര്‍ഡും സ്‌ക്രാപ്പ് മെറ്റല്‍ ബിസിനസും നടത്തുന്ന ട്രിപ്പോഡി ക്രൈം ഫാമിലി, ഇറ്റലിയിലെ ഏറ്റവും ശക്തമായ മാഫിയ സംഘടനയായ എന്‍ഡ്രാഗേട്ട’യുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇറ്റാലിയന്‍ അന്വേഷകരുടെ അഭിപ്രായത്തില്‍, സ്റ്റെഫാനോ ട്രിപ്പോഡിയും തടവിലാക്കപ്പെട്ട അദ്ദേഹത്തിന്റെ സഹായികളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന്‍ സിസ്റ്റര്‍ അന്ന ഡോനെല്ലി ജയിലുകളിലെ തന്റെ സന്നദ്ധസേവനം ഉപയോഗിച്ചു. വയര്‍ടാപ്പ് വഴി പോലീസ് റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തില്‍, ട്രിപ്പോഡി കന്യാസ്ത്രീയോട് ബ്രെസിയ ജയിലിലേക്ക് പോകാനും സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് തടവിലാക്കപ്പെട്ട കാന്‍ഡിലോറോ ഫ്രാന്‍സെസ്‌കോ എന്ന തടവുകാരനെ സമീപിക്കാനും ‘സ്റ്റെഫാനോയുടെ സുഹൃത്ത്’ എന്ന് സ്വയം പരിചയപ്പെടുത്തുകയും അവനോടൊപ്പം നില്‍ക്കാനും നിര്‍ദ്ദേശിക്കുന്നത് കേള്‍ക്കാം.
ഒരു ആത്മീയ സഹായി എന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനം കുറ്റവാളികളായ മാഫിയ അംഗങ്ങള്‍ക്കും കൂട്ടാളികള്‍ക്കും ഇറ്റാലിയന്‍ ജയിലുകളില്‍ ആശയവിനിമയത്തിനുള്ള നിരോധനം മറികടക്കാന്‍ സഹായിച്ചു. സമൂഹത്തിലെ അവരുടെ പ്രശസ്തി സംശയം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്തു. അവര്‍ തടവുകാര്‍ക്ക് കൈമാറിയതും അവരില്‍ നിന്നും ലഭിച്ചതുമായ വിവരങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നന്നായി ആസൂത്രണം ചെയ്യാനും ക്രിമിനല്‍ അന്വേഷണങ്ങളോട് പ്രതികരിക്കാനും ജയില്‍ തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാനും ട്രൈപോഡി സംഘത്തെ സഹായിച്ചു.
പ്രയാസകരമായ ബാല്യകാലത്തിലൂടെ കടന്ന് 21-ാം വയസ്സില്‍ സിസ്റ്റര്‍ അന്ന ഡൊനെല്ലി 2010-മുതല്‍ ജയിലുകളിലും വിവിധ ഇറ്റാലിയന്‍ നഗരങ്ങളുടെ അപകടകരമായ പ്രാന്തപ്രദേശങ്ങളിലും സന്നദ്ധസേവനം ചെയ്യാന്‍ തുടങ്ങി. സഹപാഠികള്‍ക്കും ഇറ്റാലിയന്‍ സമൂഹത്തിനും ഇടയില്‍ അവര്‍ക്ക് വളരെ ബഹുമാനമുണ്ടായിരുന്നു. മൊത്തത്തില്‍, അവളുടെ പ്രവര്‍ത്തനത്തിനായി ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ പോലും അവതരിപ്പിച്ചു. ഇപ്പോള്‍ അവള്‍ അപകടകാരികളായ കുറ്റവാളികളുമായി ഒത്തുകളിച്ചുവെന്ന് ആരോപിക്കപ്പെടുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു.