Good News

ഇവിടം ഫുള്‍ ട്രെന്‍ഡിങ്ങിലാണ് … വൈറലായ യൂട്യൂബര്‍മാര്‍ മാത്രമുള്ള ഇന്ത്യയിലെ ഒരു ഗ്രാമം

ആധുനിക ലോകത്ത് സമൂഹമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സോഷ്യല്‍ മീഡിയ താരങ്ങളും ഇന്‍ഫ്‌ളുവെന്‍സേര്‍സും അരങ്ങ് വാഴുന്ന കാലഘട്ടം. എന്നാല്‍ വൈറലായ യൂട്യൂബര്‍മാർ മാത്രമുള്ള ഒരു ഗ്രാമത്തിനെപ്പറ്റി മുന്‍പ് എവിടെയെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു ഗ്രാമമുണ്ട് . അതും നമ്മുടെ ഇന്ത്യയില്‍. മധ്യ ഛത്തീസ്ഗഡിലാണ് ഏകദേശം 4000 ആളുകള്‍ താമസിക്കുന്ന തുള്‍സി ഗ്രാമമുള്ളത്. എന്നാല്‍ അവിടുത്തെ വഴിയോരത്ത് കൂടി നിങ്ങള്‍ നടക്കുമ്പോല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത് റീലുകളും വീഡിയോകളും കോമഡി സ്‌കെച്ചുകളും ഷൂട്ട് ചെയ്യുന്ന ഒരുകൂട്ടം ചെറുപ്പക്കാരെയും നാട്ടുകാരെയുമാണ്. തുള്‍സി ഗ്രാമത്തിലെ ഏകദേശം മൂന്നിലൊന്ന് നിവാസികളും യൂട്യൂബിലെ കണ്ടെന്റ് ക്രിയേറ്റേഴ്‌സ് ആണ്.

ഇവരുടെ കൈവശം മൈക്രോഫോണുകള്‍, റിഫ്ളക്ടറുകള്‍, മള്‍ട്ടി ക്യാമറകള്‍ തുടങ്ങി ഇതിനാവശ്യമായ എല്ലാ സാധനങ്ങളുമുണ്ട്. ഇവിടുത്തെ പ്രദേശവാസികള്‍ അവകാശപ്പെടുന്നത് ഇവിടുത്തെ ഒരു വീട്ടിലെ ഒരാളെങ്കിലും വൈറല്‍ താരങ്ങളാണെന്നാണ്. ഇന്ന് ആ ഗ്രാമത്തില്‍ 1,000+ വീഡിയോകളുള്ള 40 സജീവ യുട്യൂബ് ചാനലുകളുണ്ട്. അവയില്‍, ആദ്യത്തെ ഛത്തീസ്ഗഢി കോമഡി യൂട്യൂബ് ചാനലായ ബീയിംഗ് ഛത്തീസ്ഗഢിയയ്ക്ക് 250+ വീഡിയോകളുടെ ഒരു ലൈബ്രറിയും 120,000+ സബ്സ്‌ക്രൈബര്‍മാരുമുണ്ട്. ഈ ഗ്രാമത്തില്‍ 40 ലോളം വരുന്ന യൂട്യൂബ് ചാനലുകളുണ്ട്. പകുതിയോളം ചാനലുകള്‍ക്കും മോണിടൈസേഷനും ഉണ്ട്. ഇവരില്‍ പല കോണ്ടന്റ് ക്രിയേറ്റേഴ്‌സും മറ്റുള്ളവരുമായി തന്റെ ആശയങ്ങള്‍ പങ്കിട്ട് പരസ്പരം സഹായിച്ചാണ് വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നത്.ഇപ്പോള്‍ ഛത്തീസ്ഗഢി സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പിങ്കി സാഹു ഈ ഗ്രാമത്തില്‍ നിന്നുള്ളതാണ്.

മിക്ക ചാനലുകളും പ്രതിമാസം ഏകദേശം 20,000-40,000 രൂപ സമ്പാദിക്കുന്നു. ചില യൂട്യൂബര്‍മാര്‍ ചെറിയ തോതിലുള്ള പരസ്യ സിനിമകള്‍ ഷൂട്ട് ചെയ്യുന്നതിനുള്ള കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്.