Oddly News

ട്രിപ്പിൾ അടിച്ച് ബൈക്കിൽ, കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയില്‍ ട്രക്കിനടിയിലേയ്ക്ക്, യുവാക്കള്‍ക്ക് സംഭവിച്ചത്- വീഡിയോ

ലോകത്തെവിടെയായാലും ഏറ്റവും സവിശേഷമായ യാത്രക്കാരെ കാണണമെങ്കിൽ, ഇന്ത്യൻ റോഡുകളിലേക്ക് നോക്കണമെന്ന് പറയാറുണ്ട്. ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. തിരക്കുനിറഞ്ഞ റോഡിലൂടെ അമിത വേഗത്തിലെത്തുന്ന ബൈക്ക് യാത്രക്കാർ ഒരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ട്രക്കിനടിയിൽ പെട്ടുപോകുന്നതും തലനാരിഴക്ക് രക്ഷപെടുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണിത്.

വീഡിയോ കാണുമ്പോൾ തന്നെ ഇന്ന് യുവാക്കളിൽ ഭൂരിഭാഗം പേർക്കും കാർ ഓടിക്കുന്നതിനോ ഇരുചക്ര വാഹനം ഓടിക്കുന്നതിനോ ഉള്ള അടിസ്ഥാന ബോധം പോലുമില്ല എന്നാണ് മനസിലാകുന്നത്. എണ്ണമറ്റ അപകടങ്ങളിലേക്ക് നയിക്കപ്പെടുന്നതിന്റെയും, ജീവൻ അപഹരിക്കപ്പെടുന്നതിന്റെയും പ്രധാന കാരണം ഇത് തന്നെയാണെന്നും വീഡിയോ കണ്ട നെറ്റിസൺസിൽ പലരും ചൂണ്ടിക്കാട്ടി.

വീഡിയോയിൽ മൂന്നുപേർ ബൈക്കിൽ സഞ്ചരിക്കുന്നതും തൊട്ടടുത്ത നിമിഷം കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ട്രക്കിനിടയിൽ പെട്ടുപോകുന്നതുമാണ്. ഏതായാലും മൂന്നുപേരും എന്തോ ഭാഗ്യം കൊണ്ട് രക്ഷപെടുകയാണ്.

“ അവൻ ഭാഗ്യവാനാണ് “ എന്നു കുറിച്ചുകൊണ്ട് @gharkekalesh എന്ന എക്സ് ഉപഭോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരേ ദിശയിൽ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഒരു രണ്ടുവരി പാതയാണ് കാണുന്നത്. അതിൽ ഇടതുവശത്തുകൂടി ഒരു കറുത്ത കാറും വലതു വശത്തുകൂടി ഒരു ട്രക്കും സാമാന്തരമായി മുന്നോട്ട് സഞ്ചരിക്കുകയാണ്. ഇവയ്ക്ക് തൊട്ടുപിന്നിലായിട്ട് മൂന്ന് യുവാക്കൾ ഒരുമിച്ച് ഒരു ബൈക്കിൽ അമിത വേഗത്തിൽ അശ്രദ്ധമായി എത്തുകയും ട്രക്കിനും കാറിനും ഇടയിലുള്ള ഇടുങ്ങിയ വിടവിലൂടെ ഓവർടേക്ക് ചെയ്ത് കയറിപോകാൻ ശ്രമിക്കുന്നതുമാണ് കാണുന്നത്.

തൊട്ടടുത്ത നിമിഷം യുവാക്കളുടെ വരവ് കണ്ട് കാർ ഡ്രൈവർ വാഹനത്തിന്റെ സ്പീഡ് കുറക്കുകയും അമിത വേഗത്തിൽ എത്തിയ ബൈക്ക് യാത്രക്കാർ ബ്രേക്ക്‌ ചവിട്ടി നിയന്ത്രണം വിടുകയും കാറിലിടിച്ച ശേഷം ട്രക്കിൻ്റെ അടിയിലേക്ക് ബൈക്കുമായി തെന്നി വീഴുന്നതുമാണ് കാണുന്നത്. എന്നാൽ ഏതോ ഒരു അത്ഭുതം പോലെ ട്രക്കിന്റെ ചക്രങ്ങൾക്കിടയിൽ പെടാതെ മൂന്ന് യുവാക്കളും രക്ഷപ്പെടുകയാണ്. മൂന്നുപേരും ചെറിയ പരിക്കുകളോടെ എഴുന്നേറ്റു വരുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. പിന്നാലെ എത്തിയ വാഹനത്തിൻ്റെ ഡാഷ്‌ക്യാമിലാണ് ഭയാനകമായ ദൃശ്യങ്ങൾ മുഴുവൻ പതിഞ്ഞത്.

വീഡിയോ വൈറലായതോടെ ബൈക്കിൽ ട്രിപ്പിൾ അടിച്ചതിനെയും അശ്രദ്ധമായി വാഹനം ഓടിച്ചതിനെയും വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തി.
ഒരു ഉപയോക്താവ് എഴുതി, “അത് എങ്ങനെയുള്ള ഡ്രൈവിംഗ് ആയിരുന്നു!? അവൻ നേരെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. – ഇത് റൈഡറുടെ പിഴവാണ്. ഇതുപോലുള്ള ഡ്രൈവർമാർ ഉള്ളപ്പോൾ ഇന്ത്യയിൽ അപകടങ്ങൾ ഉണ്ടാകുന്നതിൽ അതിശയിക്കാനില്ല.”

മറ്റൊരാൾ പറഞ്ഞു, “ഈ ആൺകുട്ടികൾ രക്ഷപെട്ടത് ഭാഗ്യം. അമിത വേഗതയുടെയും അശ്രദ്ധമായ റൈഡിംഗിൻ്റെയും ഫലമാണ് അതെല്ലാം. ഇത് അല്പം കടുത്തുപോയി, എങ്കിലും ദൈവത്തിനു നന്ദി അവർ രക്ഷപെട്ടല്ലോ” എന്നായിരുന്നു കുറിച്ചത്.
മൂന്നാമൻ കൂട്ടിച്ചേർത്തു, “ഒരുപക്ഷേ കാലൻ അവധിയിലായിരുന്നിരിക്കാം, അതുകൊണ്ടായിരിക്കാം ഇവർ രക്ഷപ്പെട്ടത്.”

ഏതായാലും അമിതവേഗതയും ബൈക്ക് ട്രിപ്പിൾ ചെയ്യുന്നതും എത്ര അപകടകരമാണെന്നതിൻ്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണ് വൈറലായ വീഡിയോ.