Sports

ആര്‍സിബി ആരാധകര്‍ക്ക് അക്ഷമയോടെ കാത്തിരിക്കാം… തകര്‍പ്പനടി പുറത്തെടുത്ത് മാക്‌സ്‌വെല്‍

ഐപിഎല്ലില്‍ പുതിയ സീസണ്‍ തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ക്ക് അക്ഷമ നല്‍കിക്കൊണ്ട് ഓസ്‌ട്രേലിയന്‍ താരം ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ മിന്നും പ്രകടനം. ബിഗ്ബാഷ് ലീഗില്‍ മെല്‍ബന്‍ സ്റ്റാര്‍സിന് വേണ്ടി മൂന്ന് വിക്കറ്റും 18 പന്തുകളില്‍ 35 റണ്‍സും നേടിയ മാക്‌സ്‌വെല്‍ നാലു കൂറ്റന്‍ സിക്‌സറുകളും പായിച്ചത് ആര്‍സിബി ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാകുകയാണ്.

ബിഗ് ബാഷ് ലീഗിലെ 17-ാം മത്സരത്തില്‍ ഹൊബാര്‍ട്ട് ഹരികെയ്നിനെതിരെയായിരുന്നു പന്തുകൊണ്ടും ബാറ്റുകൊണ്ടും മാക്‌സ്‌വെല്‍ തകര്‍ത്തത്. ടീമിനെ താരം ഏഴ് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. അഞ്ചാം ഓവറില്‍ പാട്രിക് ഡൂളിയുടെ കൈയ്യിലെ ഒരു സ്വിച്ച് ഹിറ്റ് ആയിരുന്നു മാക്സ്വെല്ലിന്റെ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. മാക്സ്വെല്ലിന്റെ നേതൃത്വത്തില്‍, മെല്‍ബണ്‍ സ്റ്റാര്‍സ് തകര്‍ത്തടിച്ചപ്പോള്‍ ലക്ഷ്യം വെറും 6.3 ഓവറില്‍ പിന്തുടര്‍ന്നു. സീസണിലെ തങ്ങളുടെ രണ്ടാം വിജയമാണ് നേടിയത്.

പന്തുകൊണ്ടും തകര്‍പ്പന്‍ പ്രകടനമാണ് മാക്സ്വെല്‍ പുറത്തെടുത്തത്. ക്യാപ്റ്റന്റെ ഉജ്ജ്വലമായ ബൗളിംഗ് ഹോബാര്‍ട്ട് ഹരികെയ്ന്‍സിനെ 155 റണ്‍സില്‍ ഒതുക്കി. തന്റെ നാലോവറില്‍ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ മാക്സ്വെല്ലിന്റെ ബൗളിംഗ് മികവിനും മത്സരം സാക്ഷിയായി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെ താരമായ മാക്‌സ്‌വെല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും തകര്‍പ്പന്‍ ഫോമിലായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഇരട്ടശതകം കുറിച്ചാണ് ടീമിനെ സെമിയിലേക്ക് കടത്തിവിട്ടത്.