Sports

ഓസ്‌ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്താനുള്ള വിളിവന്നു; നിരസിച്ച് ബറോഡ സ്പിന്നര്‍ മഹേഷ് പിത്തിയ

ബൗളിംഗ് ആക്ഷന്‍ കൊണ്ടും പന്തെറിയുന്ന രീതി കൊണ്ടും ആര്‍ അശ്വിന്റെ ക്‌ളോണ്‍ എന്ന പരിവേഷമാണ് ബറോഡയുടെ ഓഫ് സ്പിന്നര്‍ മഹേഷ് പിത്തിയയ്ക്ക് ഉള്ളത്. അതുകൊണ്ടു തന്നെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആര്‍ അശ്വിനെ അക്‌സര്‍ പട്ടേലിന് പകരം എടുത്തു എന്ന് കേട്ടപ്പോള്‍ തന്നെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വിളിച്ചതും. എന്നാല്‍ ഇത്തവണ ഈ ചെറുപ്പക്കാരന്‍ പോകുന്നില്ലെന്ന് വെച്ചു.

മുമ്പ് ഇന്ത്യയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി നെറ്റ് സെഷനുകളില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ നെറ്റ്‌സില്‍ പന്തെറിയാന്‍ എത്തി പിത്തിയ പ്രശസ്തി നേടിയിരുന്നു. എന്നാല്‍ ഈ വര്‍ഷം 2023 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി ഓസ്‌ട്രേലിയന്‍ ടീമില്‍ ചേരാനുള്ള ഓഫര്‍ താരം നിരസിക്കുകയായിരുന്നു. ”തീര്‍ച്ചയായും ഇത് ഒരു ആവേശകരമായ ഓഫറായിരുന്നു, എന്നാല്‍ അടുത്ത മാസം ആരംഭിക്കുന്ന ആഭ്യന്തര സീസണിലെ ബറോഡ സജ്ജീകരണത്തിന്റെ ഭാഗമാണ് ഞാനും. അതിനാല്‍, ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചു, ഞങ്ങളുടെ പരിശീലകനുമായി സംസാരിച്ചു, എനിക്ക് ഇത്തവണ ക്യാമ്പില്‍ ചേരാന്‍ കഴിയില്ലെന്ന് അവരെ അറിയിച്ചു.” താരം പറഞ്ഞു.

”ബിസിസിഐ അശ്വിനെ അക്‌സറിന് പകരക്കാരനായി പ്രഖ്യാപിച്ചയുടന്‍ എനിക്ക് കോള്‍ വന്നു. അന്താരാഷ്ട്ര ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എല്ലായ്‌പ്പോഴും ആവേശകരമാണ്, പക്ഷേ എന്റെ മുന്‍ഗണന ആഭ്യന്തര ക്രിക്കറ്റിനാണ്. ബറോഡയ്ക്കായി കളിച്ചതുകൊണ്ടാണ് ഞാന്‍ ഇത്രയും ദൂരം എത്തിയത്, ഒരു നീണ്ട സീസണിന് മുന്നോടിയായി, ഓസ്ട്രേലിയന്‍ ടീമില്‍ ചേരാതെ എന്റെ ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ കരുതി,” തീരുമാനത്തെക്കുറിച്ച് പിത്തിയ പറഞ്ഞു.

ഇന്ത്യയില്‍ സ്പിന്നര്‍ അശ്വിന്‍ വലിയ തലവേദനയായി മാറുമെന്നാണ് ഓസീസ് ടീം കരുതുന്നത്. അതുകൊണ്ടാണ് സമാന ബൗളിംഗ് ആക്ഷനുള്ള പിത്തിയയെ സമീപിച്ചത്. ചെപ്പോക്ക് പിച്ച് സ്പിന്നര്‍മാരെ സഹായിക്കുന്നതിന് പേരുകേട്ടതാണ്. ഇടങ്കയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് അശ്വിനെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.