രാജസ്ഥാൻ: രൺഥംഭോർ കടുവാ സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കടുവയാണ് ‘റിദ്ധി’. എന്നാല്‍ ഇവിടെ ചൊവ്വാഴ്ച രാവിലെ അപൂർവവും രൂക്ഷവുമായ കടുവകള്‍ തമ്മിലുള്ള ഒരു പോരാട്ടം അതും അമ്മയും മകളും തമ്മിലുള്ള യുദ്ധം അരങ്ങേറി. ജംഗിൾ സഫാരിക്കെത്തിയ വിനോദസഞ്ചാരികൾക്ക് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഒരു അപൂര്‍വ അനുഭവമായി മാറി. സങ്കേതത്തിലെ സോൺ 3 യിലെ തങ്ങളുടെ പൊതുവായ പ്രദേശത്തിന്മേലുള്ള ആധിപത്യത്തിനു വേണ്ടിയായിരുന്നു ജനപ്രിയ കടുവയായ ‘റിദ്ധി’യും അവളുടെ മകൾ ‘മീര’യും തമ്മിലുള്ള ഏറ്റുമുട്ടൽ.
ശക്തമായ ഈ പോരാട്ടം ഏകദേശം രണ്ട് മിനിറ്റോളം നീണ്ടുനിന്നു. ഒടുവിൽ അമ്മ മകളെ കീഴ്പ്പെടുത്തി. പോരാട്ടത്തിൽ ഇരു കടുവകൾക്കും പരിക്കേറ്റു. ഈ നാടകീയ രംഗം ഒരു വിനോദസഞ്ചാരി വീഡിയോയിൽ പകർത്തി, ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രഭാത സഫാരി സമയത്താണ് രണ്ട് കടുവകളെയും ആദ്യം അടുത്ത് കണ്ടത്. മീര, റിദ്ധിയെ വെല്ലുവിളിക്കുകയും അവളുടെ പ്രദേശത്തിന്മേൽ അവകാശം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ സംഘർഷം അതിവേഗം മൂർച്ഛിച്ചു.
തുടർന്ന്, ശക്തമായ അലർച്ചകളോടെ ഭീകരവും ഉച്ചത്തിലുള്ളതുമായ ഒരു ഏറ്റുമുട്ടലാണ് നടന്നത്. ഒടുവിൽ, അമ്മക്കടുവ മകളെ കീഴടക്കി, മീരയെ കാടിനുള്ളിലേക്ക് പിൻവാങ്ങാൻ നിർബന്ധിതയാക്കി. ഇതൊരു അതിർത്തി തർക്കത്തെത്തുടർന്നുള്ള പോരാട്ടമാണ് എന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. പ്രത്യേകിച്ച് കടുവക്കുട്ടികൾ വളരുകയും സ്വന്തമായി ഇടം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, ഇത്തരത്തിലുള്ള പോരാട്ടങ്ങൾ വന്യജീവികളുടെ സ്വാഭാവിക സ്വഭാവത്തിന്റെ ഭാഗമാണ്.
റിദ്ധി കടുവയെക്കുറിച്ച്:
ഏകദേശം ഏഴ് വയസ്സുള്ള റിദ്ധി, രൺഥംഭോറിലെ മറ്റൊരു പ്രശസ്ത കടുവയായ ‘ആരോഹെഡ്ഡി’ന്റെ (Arrowhead) മകളാണ്. 2023 ൽ റിദ്ധി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മീരയാണ് ഇതിലെ ഏറ്റവും മൂത്ത പെൺകടുവക്കുട്ടി.




