അസമിലെ കാസിരംഗനേഷൻ പാർക്കിൽ അതിമനോഹര കാഴ്ച്ച സമ്മാനിച്ച സ്വർണ കടുവയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇതിനോടകം തന്നെ അപൂർവ സ്വർണ കടുവയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ഇന്ത്യ അപൂർവമായി മാത്രം കാണപ്പെടുന്ന സ്വർണ്ണ കടുവയുടെ ആവാസ കേന്ദ്രമാണ് അസം. ഇതിനുമുൻപ് 2014 ൽ ആണ് സ്വർണ്ണ കടുവയെ ആദ്യമായി ഇവിടെ കണ്ടെത്തുന്നത്.
നിലവിൽ, നാല് സ്വർണ്ണ കടുവകൾ മാത്രമാണ് അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ വസിക്കുന്നത്. സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ട വന്യജീവി സംരക്ഷണ കേന്ദ്രമാണ് ഇവിടം. “സ്റ്റണ്ണർ” എന്ന് കുറിച്ചുകൊണ്ടാണ് സിന്ധ്യ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം അദ്ദേഹം വടക്കുകിഴക്കൻ മേഖലയുടെ പാരിസ്ഥിതിക സമ്പത്ത് ഉയർത്തിക്കാട്ടുകയും ചെയ്തു.
വന്യജീവികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം “വളരെ അപൂർവമായ ഒരു കാഴ്ച, സംരക്ഷണത്തിന്റേയും സുസ്ഥിരമായ സഹവർത്തിത്വത്തിന്റേയും അടിയന്തിര ആവശ്യകതയെ ഓർമ്മിപ്പിക്കുന്നു,” എന്ന് കുറിച്ചുകൊണ്ടാണ് കടുവയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. അപൂർവ നിമിഷം പകർത്തിയ ഫോട്ടോഗ്രാഫർ സുധീർ ശിവറാമിനെയും മന്ത്രി അഭിനന്ദിച്ചു.
430 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കാസിരംഗ നാഷണൽ പാർക്ക് വൈവിധ്യമാർന്ന വന്യജീവികൾക്ക് പേരുകേട്ടതാണ്. ഈ മേഖലയിലെ ഏറ്റവും കൂടുതൽ കടുവകളുടെ എണ്ണം ഇവിടെയാണെങ്കിലും, ഇവയെ വളരെ അപൂർവമായി മാത്രമാണ് ഇവിടെ കാണാൻ കഴിയുക.
ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങൾക്കും അതോടൊപ്പം ഊർജസ്വലമായ പക്ഷി വർഗ്ഗങ്ങൾക്കും പേരുകേട്ട ഈ പാർക്ക്, ഇന്ത്യയിലെ വന്യജീവികളുടെ ഒരു നിർണായക സങ്കേതമായി തുടരുകയാണ്.