സിനിമ മേഖലയില്‍ നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിംഗ്. കന്നഡയിലൂടെയാണ് രാകുല്‍ പ്രീത് സിംഗ് കരിയര്‍ ആരംഭിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ ഗില്ലി ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. 2015ല്‍ യാരിയാന്‍ എന്ന ചിത്രത്തിലൂടെയാണ് രാകുല്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലും സജീവമായി മാറി. ഈ വര്‍ഷമായിരുന്നു രാകുല്‍ പ്രീത് സിംഗ് വിവാഹിതയായത്. നടനും നിര്‍മ്മാതാവുമായ ജാക്കി ബഗ്‌നാനിയാണ് രാകുലിന്റെ ഭര്‍ത്താവ്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. ഇന്ത്യന്‍ 2 ആണ് രാകുലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.
ദേ ദേ പ്യാര്‍ ദേ 2 എന്ന ചിത്രത്തില്‍ അടുത്തതായി അഭിനയിക്കാന്‍ ഒരുങ്ങുന്നതിനിടെ താരത്തിന് ഗുരുതരമായി പരിക്കേറ്റെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. തന്റെ വര്‍ക്ക്ഔട്ട് സെഷനിടെ 80 കിലോഗ്രാം ഡെഡ്ലിഫ്റ്റ് താരത്തിന്റെ പുറകില്‍ വീണു പരിക്കേറ്റുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചയിലേറെയായി ബെഡ് റെസ്റ്റില്‍ കഴിയുന്ന താരം സുഖം പ്രാപിച്ചു വരികയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാകുല്‍ ബെഡ് റെസ്റ്റിലാണ്, സ്ഥിതി വളരെ ഭയാനകമായിരുന്നു. ഒക്ടോബര്‍ 5 ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. രാകുല്‍ അവളുടെ വര്‍ക്ക്ഔട്ട് സെക്ഷനില്‍ ബെല്‍റ്റ് ധരിയ്ക്കാതെ 80 കിലോഗ്രാം ഡെഡ് ലിഫ്റ്റ് ചെയ്തതോടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ വിദഗ്ധര്‍ ബെഡ് റെസ്റ്റ് നിര്‍ദ്ദേശിച്ചു.
എങ്കിലും പരിക്ക് വകവെയ്ക്കാതെ മസില്‍ റിലാക്‌സന്റ് എടുത്ത് അവള്‍ തുടര്‍ച്ചയായി 2 ദിവസം ‘ദേ ദേ പ്യാര്‍ ദേ 2’ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. 3 ദിവസത്തിന് ശേഷം രാകുല്‍ ഫിസിയോകളെ സന്ദര്‍ശിച്ചു. കൂടാതെ ഓരോ തവണയും 3-4 മണിക്കൂറിന് ശേഷം അവര്‍ ഫിസിയോ തുടര്‍ന്നു. എന്നാല്‍ ഒക്ടോബര്‍ 10 ന്, താരത്തിന്റെ ജന്മദിന പാര്‍ട്ടിക്കിടയില്‍ താരത്തിന് വേദന കലശലാകുകയായിരുന്നു. പരിക്ക് ഞരമ്പുകളെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ താരം സുഖം പ്രാപിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.