Movie News

ജയിലറിന് പിന്നാലെ രജനികാന്തിന്റെ ‘ലാല്‍ സലാം’ 2024 പൊങ്കലിന്; സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം പുതിയ സിനിമയുമായി രജനീകാന്ത് എത്തുന്നു. മകള്‍ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് 2024 പൊങ്കലിന് തീയറ്ററില്‍ എത്തുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്.

രജനീകാന്തിന് ഈ വര്‍ഷം മികച്ചതായി മാറുകയാണ്. രജനീകാന്തിന്റെ കഴിഞ്ഞ ചിത്രം ജയിലര്‍ വന്‍ വിജയം നേടിയിരുന്നു. ആഗോളമായി തീയേറ്ററുകളില്‍ നിന്നും 600 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. ഈ വര്‍ഷം തന്നെ ജെയ്ഭീം സംവിധായകന്‍ ജ്ഞാനവേല്‍ രജനിയെ വെച്ച് ഒരു സിനിമ ചെയ്യുന്നുണ്ട്.

‘തലൈവര്‍ 170’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ചിത്രം ലൈക പ്രൊഡക്ഷന്‍സിന്റെ സുബാസ്‌കരന്‍ നിര്‍മ്മിക്കും. സിനിമ സൂപ്പര്‍സ്റ്റാറിന്റെ തനതായ ശൈലിയും കരിഷ്മയും ഉള്‍ക്കൊള്ളുന്ന ഒരു ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

രജനീകാന്ത് ഒരു പോലീസുകാരനെയാണ് അവതരിപ്പിക്കുക എന്നാണ് അനുമാനം. പിന്നാലെ താരത്തിന്റെ ‘തലൈവര്‍ 171’ ‘മാസ്റ്റര്‍’, ‘കൈതി’, ‘വിക്രം’, ‘ലിയോ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ലോകേഷ് കനകരാജുമായി അദ്ദേഹം ഒന്നിക്കുന്ന ചിത്രമാണിത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതവും അനിരുദ്ധ് ആണ് നിര്‍വ്വഹിക്കുന്നത്.