സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഇന്ത്യയില്‍ ശിക്ഷാർഹമാണെങ്കിലും പലപ്പോഴും ഈ നിയമം വേണ്ടത്ര നടപ്പിലാകാറില്ല. ഇപ്പോള്‍ സ്ത്രീധനം എന്ന പേരിലല്ല, വരന് നൽകുന്ന സമ്മാനം എന്ന പേരിലാണ് സ്വത്തുക്കളും പണവും കൈമാറുന്നത്.
സ്ത്രീധനം നൽകുക മാത്രമല്ല, അത് വിവാഹച്ചടങ്ങിൽ അഭിമാനത്തോടെ വിളിച്ചുപറയുകയും ചെയ്യുന്ന രാജസ്ഥാനിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഈ വിളിച്ചുപറയലല്ല, മറിച്ച് സ്ത്രീധനമായി നൽകിയ സ്വത്തുക്കളും സമ്മാനത്തുകയും കേട്ടാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ണുതള്ളിയത്.
സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും അടയാളമായി അമ്മാവന്മാരോ സഹോദരന്മാരോ വിവാഹസമയത്ത് സമ്മാനങ്ങൾ നൽകുന്ന ഒരു പരമ്പരാഗത ‘മയറ’ അല്ലെങ്കിൽ ‘ഭാത്’ ചടങ്ങ് ഉൾപ്പെടുന്നു. 100 കാറുകളുടെയും 4 ആഡംബര ബസുകളുടെയും ഘോഷയാത്രയിൽ 600-700 കുടുംബാംഗങ്ങൾ സമ്മാനങ്ങൾ നിറച്ച നാല് സ്യൂട്ട്കേസുകളുമായി എത്തിയ ഗംഭീരമായ ‘മയറ’ ചടങ്ങ് കാണാൻ ഒരു കാഴ്ചയായിരുന്നു.
വിവാഹത്തിന്റെ ഭാഗമായ ‘ജയ്മാല’ ചടങ്ങിനിടെ വധുവിന്റെ വീട്ടുകാർ വരനു നൽകുന്ന സമ്മാനങ്ങളെ കുറിച്ച് മൈക്കിലൂടെ ഒരാള്‍ വിളിച്ചു പറയുന്നതാണ് വിഡിയോയിലുള്ളത്. സമ്മാനങ്ങളിൽ 1 കിലോ സ്വർണം, 15 കിലോ വെള്ളി, 55 ഏക്കര്‍ ഭൂമി, ഒരു പെട്രോൾ പമ്പ്, അജ്മീറിലെ ഒരു പ്ലോട്ട്, 1.51 കോടി രൂപ, വസ്ത്രങ്ങൾ, വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു, ആകെ 15.65 കോടി രൂപ. സമ്മാനങ്ങളുടെ ആകെത്തുക 21 കോടി രൂപയിലെത്തുന്നുവെന്ന് മറ്റൊരു വീഡിയോ വെളിപ്പെടുത്തുന്നു.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ഇത്രയും സമ്മാനങ്ങൾ നല്കി ഒരുവിവാഹം നടത്തേണ്ട ആവശ്യമുണ്ടോ എന്നാണ് വിഡിയോയ്ക്കു താഴെ ചിലരുടെ ചോദ്യം. ഈ സമ്പാദ്യമുണ്ടെങ്കിൽ ആ വധുവിന് സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കും എന്നാണ് ചിലർ കമന്റ് ചെയ്തത്. അതേസമയം അമ്മാവൻ മരുമകന് സമ്മാനങ്ങള്‍ നൽകുന്ന ‘ഭാത്ത്’ ചടങ്ങാണ് ഇതെന്ന രീതിയിലും കമന്റുകള്‍ എത്തി.