ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ അഭിമാനം ഉയര്‍ത്തുന്ന അനേകം നിമിഷങ്ങള്‍ മലയാളി താരങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. അത്‌ലറ്റിക്‌സിലും മറ്റു കായിക ഇനങ്ങളിലുമെല്ലാമായിരുന്നു അത്. എന്നാല്‍ ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോളിലും ഒരു മലയാളി ചരിത്രമെഴുതി. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഒരു ദശകത്തിന് ശേഷമുള്ള ആദ്യഗോള്‍ കുറിച്ചത് മറ്റാരുമായിരുന്നില്ല. നമ്മുടെ സ്വന്തം കെ.പി. രാഹുലാണ്.
ചൈനയ്‌ക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ അഞ്ചു ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യ പകുതിയില്‍ സമനില പിടിച്ച ഇന്ത്യയുടെ ഏകഗോള്‍ ഈ കേരളബ്‌ളാസ്‌റ്റേഴ്‌സ് താരത്തിന്റേതായിരുന്നു. കളിയുടെ 45 ാം മിനിറ്റില്‍ വലതു പാര്‍ശ്വത്തില്‍ നിന്നും നീട്ടിക്കിട്ടിയ ഒരു പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറിയ രാഹുല്‍ ഏറെക്കുറെ സീറോ ആംഗിളില്‍ നിന്നും തൊടുത്ത അടി ചൈനീസ് വലയില്‍ കയറി.
2010 ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ ഗെയിംസില്‍ ഒരു ഗോള്‍ കുറിച്ചത്. ഇന്ത്യ ആദ്യമായി കളിച്ച ലോകകപ്പ് ടീമിലും ഇടം പിടിച്ച താരമാണ് കെ.പി. രാഹുല്‍. ഒരുപക്ഷേ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോളും മലയാളി പേരിലാക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം തടസ്സമായി. ഇന്ത്യ ആതിഥേയരായ അണ്ടര്‍ 17 ലോകകപ്പ് ടീമിലെ മദ്ധ്യനിരക്കാരന്‍ അമേരിക്കയ്ക്ക് എതിരേ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ രാഹുലിന്റെ ഉജ്വലമായ ഒരു ഷോട്ട് ബാറില്‍ തട്ടി മടങ്ങുന്നത് അന്ന് ആരാധകര്‍ കണ്ടതാണ്.
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യഗോള്‍ നേടിയതും മലയാളികളുമായി ബന്ധമുള്ള താരമായിരുന്നു. മലയാളിയല്ലെങ്കിലും മലയാളികളുടെ സ്വന്തം താരമായ മണിപ്പൂരുകാരനായ ജീക്‌സണ്‍ സിംഗായിരുന്നു സ്‌കോറര്‍. ഇന്ത്യന്‍ ടീമിന്റെയും കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ജീക്‌സന്‍ സിംഗിന്റെ ഉജ്വല ഷോട്ട് വലയില്‍ എത്തി. ഒരു ഇന്ത്യാക്കാരന്റെ ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ ഗോള്‍.