Movie News

തലൈവര്‍ 171 ല്‍ രജനീകാന്തിന് വില്ലനാകുക ആരാണെന്ന് അറിയാമോ? ഈ പ്രിയപ്പെട്ട താരം

വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിയോ കൂടി ഹിറ്റായി മാറിയതോടെ ലോകേഷ് കനകരാജ് തമിഴ് സിനിമയിലെ മാത്രമല്ല, രാജ്യത്തുടനീളമുള്ള സിനിമാവേദികളിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നായി മാറിയിട്ടുണ്ട്. തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംവിധായകന്‍ രജനികാന്തിനെ നായകനാക്കി അവതരിപ്പിക്കുന്ന അടുത്ത ചിത്രത്തിനെക്കുറിച്ച് ആകാംഷ തുടങ്ങിയിട്ടുണ്ട്.

ഇരുവരും ആദ്യമായി സഹകരിക്കുന്ന തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന് 2024 മാര്‍ച്ചിലോ ഏപ്രിലിലോ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റില്‍, വരാനിരിക്കുന്ന ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കാന്‍ നടന്‍ രാഘവ ലോറന്‍സ് ചര്‍ച്ചയിലാണെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

പതിവ്‌രീതി വിട്ട് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സുമായി ഒരു തരത്തിലുമുള്ള ബന്ധം കാട്ടാത്ത സിനിമ ഒരു മികച്ച ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ ഉള്ളതായിരിക്കുമെന്നാണ് പ്രതീക്ഷ. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ലോകേഷിന്റെ പതിവ് സ്റ്റണ്ട് ജോഡികളായ അന്‍ബരിവ് ആക്ഷന്‍ തയ്യാറാക്കും.

രാഘവ ലോറന്‍സിനെ അവസാനമായി കണ്ടത് ചന്ദ്രമുഖി 2 ല്‍ ആണ്, ഇത് 2005-ല്‍ പുറത്തിറങ്ങിയ പി. വാസു സംവിധാനം ചെയ്ത, രജനികാന്തിനെ പ്രധാന വേഷത്തില്‍ അവതരിപ്പിച്ച ചിത്രത്തിന്റെ തുടര്‍ച്ചയാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗര്‍താണ്ഡ ഡബിള്‍ എക്സ് എന്ന ചിത്രത്തിലാണ് ലോറന്‍സ് അടുത്തതായി അഭിനയിക്കുന്നത്. നവംബര്‍ 10ന് ചിത്രം റിലീസ് ചെയ്യും.

രജനീകാന്ത് നായകനായ സിനിമയിലെ വില്ലനും ശ്രദ്ധിക്കപ്പെടുന്നത് പതിവാണ്. നെല്‍സണ്‍ സംവിധാനം ചെയ്്ത കഴിഞ്ഞ ചിത്രം ജയിലറില്‍ മലയാളിതാരം വിനായകനായിരുന്നു വില്ലന്‍ വേഷത്തില്‍ എത്തിയത്. നായകനൊപ്പം തന്നെ മികച്ച പ്രകടനം നടത്തി ശ്രദ്ധിക്കപ്പെടുകയും ചെയ്തു.